
ഹിന്ദി ടെലിവിഷൻ ലോകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിവ്യങ്ക ത്രിപാഠിയും വിവേക് ദഹിയയും. ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പത്ത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇവർ. പത്താം വിവാഹവാർഷികത്തോടൊപ്പം തങ്ങളുടെ ജീവിതത്തിലേക്ക് രണ്ട് കണ്മണികൾ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ദമ്പതികൾ.
തങ്ങളുടെ പത്താം വിവാഹവാർഷികത്തോടനുബന്ധിച്ച് വിവേക് ദഹിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. "പത്ത് വർഷം മുൻപ് ഇത് കേവലം ഒരു വാഗ്ദാനവും സ്വപ്‌നവും മാത്രമായിരുന്നു. ഇന്ന്, ഇത് ഞാൻ എപ്പോഴും നെഞ്ചോട് ചേർത്തുപിടിക്കുന്ന സ്‌നേഹവും, പാഠങ്ങളും, ഒരുപാട് കുസൃതികളും നിറഞ്ഞ ഒരു ജീവിതമാണ്. ഇതിലൊന്നും മാറ്റം വരുത്താനോ, ഒന്നിനും പകരം വെക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. നമുക്ക് ആശംസകൾ. നമ്മൾ ഒന്നിച്ച് കെട്ടിപ്പടുത്ത എല്ലാത്തിനും, ഇനി വരാനിരിക്കുന്ന എല്ലാ അധ്യായങ്ങൾക്കും. എന്റെ പ്രിയപ്പെട്ടവളേ, ഈ വലിയ ലോകം നിനക്ക് മുന്നിൽ വെറുമൊരു തരിമ്പ് മാത്രമാണ്" എന്നാണ് വിവേക് കുറിച്ചത്. താരങ്ങൾക്ക് ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
സൂപ്പർഹിറ്റ് ടിവി പരമ്പരയായ 'യേ ഹേ മൊഹബ്ബത്തീൻ' എന്ന സെറ്റിൽ വെച്ചാണ് ദിവ്യങ്കയും വിവേകും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് 2016 ജനുവരി 16-നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അതേ വർഷം ജൂലൈ 8-ന് ഭോപ്പാലിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കരിയറിലും വ്യക്തിജീവിതത്തിലും പരസ്പരം ശക്തമായ പിന്തുണ ഇരുവരും നൽകുന്നുണ്ട്.
കഴിഞ്ഞ മെയ് 26-നാണ് ദിവ്യങ്കയ്ക്കും വിവേകിനും ഇരട്ട ആൺകുട്ടികൾ ജനിച്ചത്. ജീവിതത്തിലെ ഈ പുതിയ അധ്യായം ദമ്പതികളുടെ പത്താം വിവാഹാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയിരിക്കുകയാണ്.






