പ്രീൈപ്രമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭൗതീകവും അക്കാദമികവുമായ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിയാണ് സമഗ്ര ശിക്ഷാ അഭിയാന്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ തുടക്കം 2018-19 വര്‍ഷത്തിലായിരുന്നു. മുന്‍പ് ഉണ്ടായിരുന്ന സര്‍വ ശിക്ഷാ അഭിയാന് (എസ്.എസ്.എ.), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് (ആര്.എം.എസ്.എ.), ടീച്ചര്‍ എജ്യൂക്കേഷന്‍ സ്കീം എന്നീ പദ്ധതികളെ ഒരുമിച്ചു ചേര്‍ത്താണ് ഇതു തുടങ്ങിയത്.
ആറുമുതല്‍ പതിനാലു വയസ്സുവരെയുള്ള (ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ) എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതായിരുന്നു 2001ല്‍ തുടങ്ങിയ സര്‍വ ശിക്ഷാ അഭിയാന്റെ ലക്ഷ്യം. 14 മുതല്‍ 18 വരെ പ്രായക്കാരുടെ (ഒന്‍പതു മുതല്‍ 12 വരെ ക്ലാസുകാര്‍) വിദ്യാഭ്യാസം ലക്ഷ്യം വച്ച് 2009ലാണ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് (ആര്.എം.എസ്.എ.) തുടങ്ങിയത്. 1986ലെ ദേശീയ വിദ്യാഭ്യസ നയത്തിന്റെ ഭാഗമായി അധ്യാപക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആരംഭിച്ചതാണ് സെന്‍ട്രലി സ്പോണ്‍സേര്‍ഡ് ഓണ്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ (സി.എസ്.എസ്.ടി.ഇ.)
ഈ പദ്ധതികളിലെ എല്ലാ കാര്യങ്ങളുമാണ് സമഗ്രശിക്ഷാ അഭിയാനിലേക്കു മാറ്റിയത്. പരിപാടികള്‍ക്കുള്ള ഫണ്ടിന്റെ 60 ശതമാനം വഹിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍. 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം.
കേരളത്തില്‍ ഈ പദ്ധതിയെ സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ.) എന്നാണ് വിളിക്കുന്നത്. നടത്തിപ്പിനുള്ള ഫണ്ടിന്റെ 60 ശതമാനം നിയമാനസൃതമായി എസ്.എസ്.കെയ്ക്കും ലഭിച്ചു കൊണ്ടുമിരുന്നു. എന്നാല്‍, 2023-24 വര്‍ഷം മുതല്‍ എസ്.എസ്.കെയ്ക്ക് അര്‍ഹതപ്പെട്ട കേന്ദ്ര വിഹിതം തടയപ്പെട്ടു. 2022ല്‍ തുടങ്ങിയ പി.എം. ശ്രീ പദ്ധതിയില്‍ കേരളം ചേരാതിരുന്നതിനാലാണ് കേന്ദ്രവിഹിതം തടയപ്പെട്ടത്.
എന്താണു പി.എം. ശ്രീ
പി.എം. ശ്രീ എന്നതിന്റെ പൂര്‍ണ രൂപം പ്രധാന മന്ത്രി സ്കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്നാണ്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍നിന്നുമായി തെരഞ്ഞെടുത്ത 14500 വിദ്യാലയങ്ങളില്‍ മാത്രം നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതി കാലാവധി 2022-23 അക്കാദമിക വര്‍ഷം മുതല്‍ 2026-27 വരെ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എന്‍.ഇ.പി. 2020) പറഞ്ഞിട്ടുള്ള എല്ലാകാര്യങ്ങളും പി.എം. ശ്രീ സ്കൂളുകളില്‍ നടപ്പിലാക്കി അവയെ മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കാലം കഴിഞ്ഞാലും ഈ വിദ്യാലയങ്ങള്‍ മാതൃകാ വിദ്യാലയങ്ങളായി തുടരും.
പദ്ധതിയിലേക്കുള്ള സ്കൂളുകളെ തെരഞ്ഞെടുക്കുന്നത് ്ലബോക്ക് അടിസ്ഥാനത്തിലാണ്. ഓരോ ബേ്ലാക്കില്നിന്നും രണ്ടു ഗവണ്മെന്റ് സ്കൂളുകള്‍ വീതം. അവയില്‍ ഒരെണ്ണം എലിമെന്ററി സ്കൂള്‍ ആയിരിക്കണം. അടുത്തത് സെക്കന്‍ഡറി/ ഹയര്‍ സെക്കന്‍ഡറിയും. തെരഞ്ഞെടുക്കുന്നതിന് മറ്റു ചില മാനദണ്ഡങ്ങളും വച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്കൂളിന്റെയും പേരിനോടു ചേര്‍ന്ന്, പേരിനു മുമ്പായി പി.എം. ശ്രീ എന്നു കൂടി ചേര്‍ക്കണം. കൂടാതെ അവയുടെ ബോര്‍ഡില്‍ പ്രധാന മന്ത്രിയുടെ ഫോട്ടോയും പതിപ്പിക്കണം.
ഇക്കാര്യങ്ങളില്‍ പദ്ധതിയയടെ തുടക്കം മുതലേ ചില സംശയങ്ങള്‍ പലരും പ്രകടിപ്പിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എന്‍.ഇ.പി.)യില്‍ പറയുന്ന കാര്യങ്ങളെല്ലാം നടപ്പിലാക്കികൊണ്ട് സൃഷ്ടിച്ചെടുക്കുന്ന മാതൃകാ വിദ്യാലയങ്ങള്‍ക്ക് പ്രധാന മന്ത്രി സ്കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പി.എം. ശ്രീ) എന്നതിലും യോജിക്കുന്നത് എന്‍.ഇ.പി. ശ്രീ (നാഷണല്‍ എജ്യൂക്കേഷന്‍ പോളിസി സ്കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ)എന്നല്ലായിരുന്നോ എന്നത് ഒരു സംശയമാണ്. മാതൃകാ സ്ഥാപനങ്ങളാക്കി വികസിപ്പിച്ചെടുക്കുന്ന വിദ്യാലയങ്ങളുടെ ബോര്‍ഡില്‍ പ്രധാന മന്ത്രിയുടെ ഫോട്ടോയ്ക്കു പകരമായി സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ലോഗോ പതിപ്പിക്കുകയല്ലായിരുന്നോ കൂടുതല്‍ ഉചിതം എന്നത് മറ്റൊരു സംശയവും.
പിം.എം. ശ്രീ സ്കൂളുകള്‍ക്കുള്ള ആനുകുല്യങ്ങള്‍
പി.എം. ശ്രീയില്‍ തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കും. സ്മാര്‍ട് ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, പുതുമയുള്ള അധ്യാപന പഠന രീതികള്‍, മൂല്യ ബോധനം തുടങ്ങിയവ നടപ്പിലാക്കും. കുട്ടികള്‍ക്ക് സന്തോഷകരമായ പഠനാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കും. ഇങ്ങനെയുള്ള നിരവധി കാര്യങ്ങള്‍. ഇതിനൊക്കെ വേണ്ടി ഓരോ സ്കൂളിനും 1.13 കോടി രൂപ യോളം ചെലവാക്കാം. ചെലവിന്റെ്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. 40 ശതമാനം സംസ്ഥാന ഗവണ്മെന്റ് വഹിക്കണം.
കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ പി.എം. ശ്രീ പദ്ധതിയില്‍ ചേരാന്‍ തയാറായില്ല. അതിന്റെ പേരില്‍ ആ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സമഗ്ര ശിക്ഷാ പദ്ധതി ഫണ്ടിന്റെ കേന്ദ്ര വിഹിതം തടയപ്പെട്ടു.
ഒരു സംസ്ഥാനത്ത് ഏതാനും വിദ്യാലയങ്ങളില്‍ മാത്രം നടപ്പിലാക്കുന്ന പി.എം. ശ്രീ പദ്ധതിയില്‍ ചേരാത്തതിന്റെ പേരില്‍ ആ സംസ്ഥാനത്ത് പ്രീൈപ്രമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ രംഗത്ത് 2018 മുതല്‍ തുടരുന്ന സമഗ്ര ശിക്ഷാ പദ്ധതിക്ക് നിയമാനുസൃതം ലഭിക്കുവാന്‍ അര്‍ഹതയുള്ള സമഗ്ര ശിക്ഷാ ഫണ്ട് തടഞ്ഞത് ശരിയാണോ? യഥാര്‍ത്ഥത്തില്‍ എസ്.എസ്.കെ. ഫണ്ടും പി.എം. ശ്രീ യുമായി കൂട്ടിക്കുഴയ്ക്കേണ്ടിയിരുന്നില്ല. പദ്ധതിയില്‍ ചേരാത്ത സംസ്ഥാനങ്ങള്‍ക്ക് പി.എം. ശ്രീ സ്കൂളുകള്‍ക്കുള്ള ഫണ്ട് മാത്രം നല്കാതിരുന്നാല് പോരായിരുന്നോ എന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ സംശയമുന്നയിക്കുന്നു.
പി.എം. ശ്രീ പദ്ധതിയും കേരളവും
പി.എം. ശ്രീ പദ്ധതിയില്‍ ചേരുന്നതിനെക്കുറിച്ച് കേരളത്തില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചകള്‍ നടക്കുകയാണ്. അത്തരം ചര്‍ച്ചകളില്‍ ചില സംശയങ്ങള്‍ പൊതുവേ ഉണ്ടാകുന്നുണ്ട് അവ:
- ഇപ്പോള്‍ പി.എം. ശ്രീ പദ്ധതിയില്‍ ചേര്‍ന്നാല്‍ എസ്.എസ്.കെയ്ക്ക് 2023-24 മുതല്‍ കിട്ടാനുള്ള കുടിശിക (ഏകദേശം 1158 കോടി രൂപ) കിട്ടുമോ?
കുടിശിക കിട്ടാന്‍ ഏറെ സാധ്യതകള്‍ ഉണ്ടെന്ന് കരുതാം. കാരണം എസ്.എസ്.കെക്കുള്ള കേന്ദ്ര വിഹിതം കിട്ടിയില്ലെങ്കിലും സംസ്ഥാന വിഹിതം ഉപയോഗിച്ച് ജീവനക്കാര്‍ക്കുള്ള വേതനം ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും സംസ്ഥാനം നടപ്പിലാക്കിയിട്ടുണ്ട്.
- പി.എം. ശ്രീ പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന സ്കൂളുകളില്‍ എന്‍.സി.ഇ.ആര്.ടിയുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് എസ്.സി.ഇ.ആര്.ടി. വരുത്തുന്ന പരിഷ്കാരങ്ങളോടുകൂടിയ പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാനുള്ള അനുവാദം ലഭിക്കുമോ?
സാധാരണയായി സംസ്ഥാനങ്ങള്‍ സ്കൂള്‍ പാഠ്യപദ്ധതി തയാറാക്കുന്നത് എന്‍.സി.ഇ.ആര്.ടി. തയാറാക്കുന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടി നുള്ളില്നിന്നു കൊണ്ടും അതേ സമയം എസ്.സി.ഇ.ആര്.ടിയുടെ നേതൃത്വത്തില്‍ ആവശ്യമായ പ്രാദേശിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുമാണ്. പാഠ്യപദ്ധതി നിര്‍മാണത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ് ഇത്. അതിനാല്‍ ഇക്കാര്യത്തിലും അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് കരുതാം.
- പി.എം. ശ്രീ വിദ്യാലയങ്ങളില്‍ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്ന 5+3+3+4 എന്ന സ്കൂള്‍ വിദ്യാഭ്യാസ ഘടനയ്ക്കനുസൃതമായി ഭൗതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമോ?
5+3+3+4 എന്ന ഘടനയിലെ ആദ്യത്തെ അഞ്ചു സൂചിപ്പിക്കുന്നത് മൂന്നു വര്‍ഷ പ്രീൈപ്രമറിയും ഒന്ന്, രണ്ട് ക്ലാസുകളും ഒരുമിച്ചെടുത്തുകൊണ്ടുള്ള അഞ്ചു വര്‍ഷത്തെ ഫൗണ്ടേഷണല്‍ ഘട്ടത്തെയാണ്. തുടര്‍ന്നു വരുന്നത് 3,4,5 ക്ലാസുകള്‍ ഉള്‍പ്പെടുന്ന മൂന്നു വര്‍ഷ പ്രിപ്പറേറ്ററി ഘട്ടം, ആറ്, ഏഴ്, എട്ട് എന്നീ മൂന്നു ക്ലാസുകളെ ചേര്‍ത്തു കൊണ്ടുള്ള മിഡില്‍ ഘട്ടം എന്നിവയാണ്. അവസാനത്തെ നാല് സൂചിപ്പിക്കുന്നത് 9,10,11,12 എന്നീ നാലു ക്ലാസുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെക്കന്‍ഡറി ഘട്ടത്തെയാണ്.
എന്നാല്‍ ഇങ്ങനെ നാലു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ടെങ്കിലും അത് സൂചിപ്പിക്കുന്നത് ഓരോ ഘട്ടത്തിലും വരുന്ന കുട്ടികളുടെ മാനസിക, ശാരീരിക, വൈകാരിക, വൈജ്ഞാനിക വികാസങ്ങള്‍ക്കു യോജിച്ച വിധത്തില്‍ പാഠ്യ പദ്ധതി, പാഠപുസ്തകങ്ങള്‍, ബോധനരീതികള്‍ തുടങ്ങിയവ ആവിഷ്കരിച്ചു നടപ്പിലാക്കണം എന്നതാണ്. അല്ലാതെ ഒരു ഘട്ടത്തിലെ എല്ലാ ക്ലാസുകളേയും ഒരുമിച്ചു ഒരു വിദ്യാലയത്തില്‍ കൊണ്ടവരണമെന്നില്ല. ഉദാഹരണമായി ഫൗണ്ടേഷന് ഘട്ടത്തിലെ മൂന്നു വര്‍ഷ പ്രീൈപ്രമറി ക്ലാസുകളും 1, 2 ക്ലാസുകളും കൂടി ഒരു സ്കൂളില്‍ ആക്കണം എന്ന നിര്‍ബന്ധമില്ല. പ്രീസ്കൂള്‍ ക്ലാസുകളും 1, 2 ക്ലാസുകളും ഇപ്പോള്‍ ഉള്ളടത്തുതന്നെ തുടര്‍ന്നാല്‍ മതിയായേക്കും. ഇക്കാര്യം ദേശീയ വിദ്യാഭ്യാസ നയം റിപ്പോര്‍ട്ടിന്റെ 11ാം പേജില്‍ ഖണ്ഡിക 4.3 ആയി നല്‍കിയിട്ടുമുണ്ട്.
പി.എം. ശ്രീ പദ്ധതിയില്‍ ചേരുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് കണ്‍വീനറായി നിയമിക്കപ്പെട്ടിട്ടുള്ള നാലംഗ ഉപസമിതിയുടെ പഠനത്തില്‍ ഇവിടെ സൂചിപ്പിച്ചതുപോലെയുള്ള സംശയങ്ങള്‍ക്ക് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെങ്കില്‍ കേരളവും പി.എം. ശ്രീ പദ്ധതിയില്‍ ചേരുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.
ഡോ. കുര്യന് ചെറുശേരി





