
നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനം കവർന്ന ഗായികയാണ് ജൊനിറ്റ ഗാന്ധി. ഇപ്പോഴിതാ അഭിനയത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് താരം. ആകാശ് ഭാസ്കരൻ സംവിധാനം ചെയ്ത 'ഇദയം മുരളി' എന്ന ചിത്രത്തിലൂടെയായിരുന്നു ഗായികയുടെ തമിഴ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിൽ 'ഗീത' എന്ന സ്കൂൾ അധ്യാപികയുടെ വേഷമാണ് താരം അവതരിപ്പിച്ചത്.
സിനിമ തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ, തനിക്ക് ഈ അവസരം നൽകിയ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ചുകൊണ്ട് ജൊനിറ്റ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
തന്റെ കഥാപാത്രമായ ഗീത മിസിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ജൊനിറ്റയുടെ പോസ്റ്റ്. തമിഴിലെ തന്റെ ആദ്യ അഭിനയാനുഭവം ഏറെ സവിശേഷമായിരുന്നുവെന്നും ചിത്രത്തിൽ തനിക്ക് വേണ്ടി സ്വന്തമായി ഡബ്ബ് ചെയ്യാൻ സാധിച്ചത് വലിയൊരു വെല്ലുവിളിയും അതേസമയം സന്തോഷവും നൽകിയ കാര്യമാണെന്നും താരം കുറിച്ചു.
ജൊനിറ്റ ഗാന്ധി പങ്കുവെച്ച കുറിപ്പിലേക്ക്:
"ഗീത മിസിനെ പരിചയപ്പെടൂ.
ക്ലാസ് റൂം വിട്ടിറങ്ങിയ ശേഷവും അവരുടെ ദയ നിങ്ങളുടെ മനസ്സിൽ മായാതെ നിൽക്കും; അങ്ങനെയുള്ള ഒരു അധ്യാപിക. ഊഷ്മളതയുള്ളവളും, കാരുണ്യമുള്ളവളും, ശാന്തമായി ആശ്വസിപ്പിക്കുന്നവളും... മറ്റുള്ളവരിലെ ഏറ്റവും മികച്ചത് കാണാനും അവരിലേക്ക് തന്നെ ആത്മവിശ്വാസം പകർന്നു നൽകാനും കഴിയുന്ന തരത്തിലുള്ള ഒരാൾ.
അവളെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ഞാൻ കാത്തിരിക്കുകയായിരുന്നു (സിനിമ ഒടുവിൽ പുറത്തിറങ്ങുന്നത് വരെ കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിച്ചില്ല)!
ഈ ചെറിയ വേഷം എനിക്ക് വളരെ അർത്ഥവത്തായ ഒരു അനുഭവമായി മാറി. തമിഴ് സിനിമയിലെ എന്റെ ആദ്യത്തെ അഭിനയ വേഷമാണിത്, ഒപ്പം മികച്ച ചില അഭിനേതാക്കൾക്കൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഇതിനെ കൂടുതൽ വിലപ്പെട്ട ഒരു പഠനാനുഭവമാക്കി മാറ്റി. ഞാൻ തന്നെയാണ് ഇതിൽ ഡബ്ബ് ചെയ്തത്, അത് ഈ അനുഭവത്തെ കൂടുതൽ സവിശേഷവും അതോടൊപ്പം വെല്ലുവിളി നിറഞ്ഞതുമാക്കി മാറ്റി.
എന്നെ ഇത്രയും ഊഷ്മളമായി സ്വീകരിച്ചതിനും ഗീത മിസിനെ എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിനും ആകാശ് ഭാസ്കരൻ, ഡോൺ പിക്ചേഴ്സ് എന്നിവർക്കും മുഴുവൻ ടീമിനും വലിയ നന്ദി.
നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ലളിതവും തികച്ചും റിലേറ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിമിഷങ്ങൾ നിറഞ്ഞ മനോഹരമായ ഒരു സിനിമയാണ് 'ഇദയം മുരളി'. സിനിമ കാണാൻ നിങ്ങൾ സമയം കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കണ്ടുകഴിയുമ്പോൾ ഗീത മിസിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി കൂടെയുണ്ടാകുക."
അതേസമയം അഥർവ മുരളി, പ്രീതി മുകുന്ദൻ, കയാദു ലോഹർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ 'ഇദയം മുരളി' വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയത്. സംഗീത സംവിധായകൻ തമൻ 22 വർഷത്തിന് ശേഷം വീണ്ടും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നടൻ ഫഹദ് ഫാസിലും അതിഥിവേഷത്തിലെത്തുന്നുണ്ട്. നാട്ടി, നിഹാരിക, പ്രഗ്യ നഗ്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.






