
രാജ്യത്തെ ചൂട് ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആശ്വാസം കണ്ടെത്താൻ പലരും പല മാർഗ്ഗങ്ങളും തേടാറുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു യുവാവ് എസി സൗകര്യമുള്ള എസ്ബിഐ എടിഎം കൗണ്ടർ തന്റെ സ്വകാര്യ കിടപ്പുമുറിയാക്കി മാറ്റിയതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുന്നത്.
ഉത്തർപ്രദേശിലെ മൗ ജില്ലയിലുള്ള ഒരു എസ്ബിഐ എടിഎം സെന്ററിലാണ് ഈ വിചിത്ര സംഭവം നടന്നിരിക്കുന്നത്. കഠിനമായ ചൂടിൽ നിന്നും രക്ഷനേടാനായി എത്തിയ ഈ യുവാവ്, എടിഎമ്മിലെ എസിയുടെ സുഖത്തിൽ ഒരുക്കൂട്ടിയ കിടക്കയിൽ സുഖമായി ഉറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എടിഎമ്മിൽ പണം പിൻവലിക്കാൻ എത്തിയ മറ്റ് ഇടപാടുകാർ ഈ കാഴ്ച കണ്ട് അമ്പരന്നു പോയെങ്കിലും, യാതൊരു കൂസലുമില്ലാതെ ഗാഢനിദ്രയിലായിരുന്നു യുവാവ്.
പണം ഇടപാടുകൾ നടക്കേണ്ട ഒരു പൊതുസ്ഥലം സ്വന്തം വീടോ ബെഡ്റൂമോ പോലെ ഉപയോഗിക്കുന്ന ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. എടിഎമ്മുകളുടെ സുരക്ഷയെയും അവിടെ പാലിക്കേണ്ട മര്യാദകളെയും കുറിച്ച് നിരവധി പേരാണ് ചോദ്യങ്ങളുമായി എത്തിയത്. ബാങ്ക് അധികൃതരുടെയോ സുരക്ഷാ ജീവനക്കാരുടെയോ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും നെറ്റിസൻമാർ ചൂണ്ടിക്കാണിക്കുന്നു.
സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട എടിഎം കൗണ്ടറുകൾ ഇത്തരം വിചിത്ര കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത് വലിയതോതിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളെക്കുറിച്ചുള്ള അവബോധം കുറയുന്നതിന്റെ നേർക്കാഴ്ച കൂടിയാണ് ഈ സംഭവം തുറന്നുകാട്ടുന്നത്.







Comments