
വെള്ളത്തില്‍ ജീവിക്കുന്ന ആമ, മുതല, തവള എന്നിവ കരയിലും കഴിയാറുണ്ട്. എന്നാല്‍, മീനുകളോ...? എല്ലാ മീനുകളും വെള്ളത്തില്‍ മാത്രം കഴിയാന്‍ വിധിക്കപ്പെട്ടവരാണ്. വെള്ളം വറ്റിയാല്‍ മിനിട്ടുകള്‍ക്കുളളില്‍ ഇവ ജീവന് വെടിയും. എന്നാല്‍, മീനുകള്‍ വെള്ളത്തില്‍ മാത്രം ജീവിക്കുന്ന ജീവിയാണ് എന്ന ധാരണ തെറ്റിക്കുന്നവരാണ് ആഫ്രിക്കന്‍ മുഷികള്‍. അവയ്ക്ക് തവളകളെയും ആമകളെയും പോലെ കരയിലും വെള്ളത്തിലും ഒരുപോലെ കഴിയും. അതും വളരെ വിചിത്രമായ രീതിയില്‍.
'ലംഗ് ഫിഷ്' എന്നറിയപ്പെടുന്ന ഇവയെ ആഫ്രിക്കയിലെ ഉഷ്ണരാജ്യങ്ങളിലാണ് കാണാന്‍ കഴിയുക. നദിയിലെ വെള്ളം വറ്റിയാല്‍ മണ്ണിന്റെ നനവ് മാറും മുന്‍പ് ഇവ ചതുപ്പിലേയ്ക്ക് ആഴ്ന്നിറങ്ങുകയായി. ഈ സമയം ഒരു അപൂര്‍വ്വ പ്രതിഭാസത്തിലൂടെയാണ് ഇവയുടെ ശരീരം കടന്നുപോകുന്നത്. മണ്ണില്‍ ആഴ്ന്നിറങ്ങുന്ന ഇവയ്ക്ക് അടുത്ത മഴയെത്തുന്നതു വരെ മണ്ണിനടിയില്‍ കഴിയേണ്ടി വരും. കൊക്കൂണായി മാറി ഏറെനാളിരിക്കുമ്പോള്‍ ചുറ്റും എന്തൊക്കെ സംഭവിച്ചാലും ലംഗ് ഫിഷുകളെ ബാധിക്കാറില്ല.
ചില ഘട്ടങ്ങളില്‍ നദിയില്‍ നിന്നുള്ള ഈ മണ്ണ് എടുത്തുകൊണ്ടുപോയി വീടു പണിയ്ക്കും മറ്റും ഉപയോഗിക്കാറുണ്ട്. ഈ സമയം കൊക്കൂണായി രൂപാന്തരം പ്രാപിച്ചിരിക്കുന്ന 'ലംഗ് ഫിഷ്' ഇതിനുള്ളില്‍ പെട്ടുപോകുകയും വീടിന്റെ ഭിത്തിയായി മാറുകയും ചെയ്യാറുണ്ട്. എന്നാല്‍, ഇതൊന്നും ഇവയുടെ ജീവന് ഭീഷണിയാകാറില്ല. മഴ പെയ്ത് ഭിത്തിയില്‍ വെള്ളം വീഴുമ്പോള്‍ ഈ ഭിത്തിപൊളിച്ച് ഇവ പുറത്തെത്തുകയും മഴവെള്ളത്തിലൂടെ നീന്തി നദിയില്‍ എത്തിച്ചേരും.






