
തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉയർത്തിയ എതിർപ്പ് മുഖ്യമന്ത്രി തള്ളി. ജിയോണ ജെയിംസിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല. സെക്രട്ടേറിയറ്റിൽ നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ച അലോഷ്യസ് സേവ്യർ, ജിയോണ ജെയിംസിന്റെ പശ്ചാത്തലം എസ്എഫ്ഐയുടേതാണെന്നും ലോ കോളജ് പഠനകാലത്തും പിന്നീട് ഇടതുപക്ഷ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രിയെ അറിയിച്ചതായി പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും സർക്കാരിലും പാർട്ടിയിലും വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, കെഎസ്യുവിന്റെ നിലപാട് ഉൾക്കൊള്ളുന്ന തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തൃപ്തിക്കുറവില്ലെന്നും, സർക്കാരിനെതിരെ കെഎസ്യു തുറന്ന പോരിലേക്ക് പോകുന്ന സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.







Comments