
തിരുവനന്തപുരം: സിപിഐഎമ്മിനെ അടിമുടി പുതുക്കിപ്പണിയുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും മാറ്റങ്ങൾ നടപ്പാക്കുമെന്നും പാർട്ടിയുടെ എല്ലാ തലങ്ങളിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി സെക്രട്ടറി മാറുമെന്നത് ചിലരുടെ സ്വപ്നമാണെന്നും എന്നാൽ ചർച്ച വ്യക്തികളെ മാറ്റുന്നതിനെക്കുറിച്ചല്ല, താനുൾപ്പെടെ പാർട്ടി എങ്ങനെ മാറണമെന്നതിനെക്കുറിച്ചാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയുടെ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിപുലീകൃത സംസ്ഥാന സമിതിയിലൂടെ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
പി.കെ. ശ്രീമതിക്കെതിരായ വ്യാജവാർത്ത പ്രചാരണത്തെയും അദ്ദേഹം വിമർശിച്ചു. വ്യാജവാർത്തകൾ ബോധപൂർവം പ്രചരിപ്പിക്കുകയാണെന്നും നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റി നിർദേശിച്ചിട്ടുണ്ടെന്നും പറഞ്ഞു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതല കെ.ആർ. അജയനല്ല, എഡിറ്റോറിയൽ ബോർഡിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി നിയന്ത്രണത്തിനെതിരെ സി.പി.ഐ.എം പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജൂലൈ 26-ന് വൈകിട്ട് ഏഴ് മണിക്ക് എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. നിയന്ത്രണം ഒഴിവാക്കാൻ പ്രാർഥിക്കാമെന്ന വൈദ്യുതി മന്ത്രിയുടെ പരാമർശവും അദ്ദേഹം വിമർശിച്ചു.
വഖഫ് വിഷയത്തിൽ മുസ്ലിം ലീഗിന്റെ നിലപാട് ഗൗരവമുള്ളതാണെന്നും ജയദീപ് ഗുപ്തയ്ക്ക് ബ്രീഫ് നൽകിയത് ലീഗ് നേതാവായ അഭിഭാഷകനാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. വഖഫ് ബോർഡ് വിഷയത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണുള്ളതെന്നും വി.ഡി. സതീശൻ ഇപ്പോഴും ബിജെപിയുമായുള്ള ബന്ധം തുടരുകയാണെന്നും അദ്ദേഹം വിമർശിച്ചു.







Comments