
ന്യൂഡല്ഹി: എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കി. ഡല്ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി. ഐഷി നല്കിയ അപേക്ഷയില് അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ്.
അതേസമയം നേരത്തെ അയച്ച സമന്സില് ഹാജരാകാത്തതിന് പിഴ അടക്കണം. 2021ല് ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്ച്ചിന്റെ ഭാഗമായുള്ള കേസില് പട്യാല ഹൗസ് കോടതി ഏപ്രില് 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാസങ്ങള് കഴിഞ്ഞിട്ടും അറസ്റ്റ് വാറണ്ടില് സമന്സോ അറിയിപ്പോ നല്കിയിരുന്നില്ല. അടുത്തിടെ ജന്തര് മന്ദറിലെ പ്രതിഷേധത്തിന് ശേഷമാണ് കേസില് നടപടിയുണ്ടായത്.
ചൊവ്വാഴ്ച വൈകുന്നേരം എകെജി ഭവനിലേക്ക് ഡല്ഹി പൊലീസ് എത്തിയിരുന്നു. യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാതെ സ്വകാര്യ വാഹനത്തിലാണ് ഐഷിയെ അറസ്റ്റ് ചെയ്യാന് പൊലീസ് എത്തിയത്. എന്നാല് ഈ സമയം എകെജി ഭവനില് എത്തിയ ജോണ് ബ്രിട്ടാസ് എംപി ഇത് ചോദ്യം ചെയ്തതോടെ പൊലീസ് സംഘം മടങ്ങി. പൊലീസ് നീക്കത്തിനെതിരെ വ്യാപക വിമര്ശനമായിരുന്നു ഉയര്ന്നത്. ഈ സംഭവത്തിന് ശേഷമാണ് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഐഷി കോടതിയെ സമീപിച്ചത്.







Comments