
തിരുവനന്തപുരം: പുതിയ ഇടതുസര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റില്‍ ശുചീകരണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ജൈവ കാര്‍ഷിക പദ്ധതികള്‍ക്കും പ്രഥമ പരിഗണന. ശുചിത്വമിഷന് 127 കോടി രൂപ വകയിരുത്തിയ ബജറ്റില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കും വേണ്ടത്ര പ്രാധാന്യം.
മാലിന്യ മുക്ത പദ്ധതികളെ തകഴിയുടെ പ്രമുഖ കഥ തോട്ടിപ്പണിയെ മുന്‍ നിര്‍ത്തി പ്രഖ്യാപിച്ച ധനമന്ത്രി ഹരിതകേരളാ മിഷന്റെ ഭാഗമായ ഉറവിട മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പദ്ധതികളാണ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയത്. തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാന്‍ 10 കോടി വകയിരുത്തി. മാലിന്യ നിര്‍മ്മാര്‍ജ്ജന കാര്യത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ ജനകീയ പ്രചാരണ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന വ്യക്തമാക്കി.
സെപ്റ്റിക് ടാങ്ക് ശുചീകരണം യന്ത്രവല്‍ക്കരിക്കാന്‍ 10 കോടി വിലയിരുത്തിയപ്പോള്‍ നാല് ശാസ്ത്രീയ ലാന്റ് ഫില്ലുകള് നിര്‍മ്മിക്കാന്‍ 50 കോടിയും ആധുനിക അറവ് ശാലകള്‍ക്ക് 100 കോടിയും ബജറ്റില്‍ വകയിരുത്തി. ചെറുകിട ജലസേചനത്തിന് 108 കോടിയും മണ്ണു, ജല സംരക്ഷണത്തിന് 150 കോടി വിലയിരുത്തിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന നയങ്ങളെ ശക്തമായി വിമര്‍ശിച്ചു കൊണ്ടു തുടങ്ങിയ ധനമന്ത്രി നോട്ടു നിരോധനം നികുതി വരുമാനശത്ത ബാധിച്ചെന്നും കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും വിലയിരുത്തി. നോട്ട് നിരോധനം കൊണ്ട് ജനങ്ങള്‍ക്ക് വന്‍ ബുദ്ധിമുട്ടുണ്ടായെന്നും ബാങ്കുകളില്‍ പണമുണ്ടെങ്കിലൂം വായ്പയെടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണെന്നും വ്യക്തമാക്കി.






