ന്യൂഡല്‍ഹി: ഡല്‍ഹി രാംജാസ് കോളജിലെ എ.ബി.വി.പി അതിക്രമത്തിനെതിരെ ഓണ്‍ലൈന്‍ പ്രചരണം നയിച്ച ഗുര്‍മെഹര്‍ കൗറിനെ ഉപദേശിച്ച് പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ മകള്‍ പൂജ. അച്ഛന്റെ വീരമൃത്യുവിനെ തമാശയാക്കരുതെന്ന് ഗുര്‍മെഹര്‍ കൗറിനോട് പൂജ പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക്ക് മൂള്രാജിന്റെ മകളാണ് പൂജ.
എ.ബി.വി.പിക്കെതിരായ ക്യാംപെയ്ന്റെ ഭാഗമായി തന്റെ പിതാവിനെ കൊന്നത് പാകിസ്താനല്ല, യുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന ചിത്രമേന്തി നില്ക്കുന്ന ഗുര്‍മെഹര്‍ കൗറിന്റെ പോസ്റ്റ് വൈറലായിരുന്നു. ഇതിനെതിരെയാണ് പൂജയടെ വിമര്‍ശനം. 1999ലെ കാര്‍ഗില്‍ യുദ്ധത്തിലാണ് ഗുര്‍മെഹര്‍ കൗറിന്റെ പിതാവ് ക്യാപ്റ്റന്‍ മാന്‍ദീപ് സിംഗ് വീരമൃത്യു വരിച്ചത്. പിതാവിന്റെ മരണത്തെക്കുറിച്ചുള്ള കൗറിന്റെ പ്രസ്താവനയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര് രംഗത്ത് വന്നിരുന്നു.
എ.ബി.വി.പിക്കെതിരായ പ്രചാരണത്തിലൂടെയാണ് കൗര്‍ ശ്രദ്ധേയയാകുന്നത്. തനിക്ക് എ.ബി.വി.പിയെ ഭയമില്ലെന്ന പ്ലക്കാര്‍ഡ് പിടിച്ചു കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് കൗര്‍ പ്രചരണം തുടങ്ങിയത്. ഇതേതുടര്‍ന്ന് കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ചിലര്‍ ഭീഷണി മുഴക്കുകയും കൗര്‍ പ്രചരണത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. ഡല്‍ഹി വിട്ട കൗര്‍ ഇപ്പോള്‍ പഞ്ചാബിലാണുള്ളത്.
കഴിഞ്ഞ വര്‍ഷം ജനുവരി രണ്ടിന് നടന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിലാണ് പൂജയുടെ പിതാവ് മൂള്രാജ് രക്തസാക്ഷിത്വം വരിച്ചത്. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സില്‍ അംഗമായിരുന്ന മൂള്രാജ് കുടുംബത്തോടൊപ്പം പുതുവര്‍ഷം ആഘോഷിച്ച് ഡ്യൂട്ടിക്ക് ചേര്‍ന്നതിന് പിന്നാലെയാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.






