
ലോകത്തിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഗൂഗിളിന്റെ സാൻഫ്രാൻസിസ്കോ ഓഫീസിലെ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. കാതറീൻ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഓഫീസ് ടൂർ വീഡിയോയാണ് സൈബർ ലോകത്ത് തരംഗമായിരിക്കുന്നത്. ഗൂഗിൾ ജീവനക്കാർക്ക് ലഭിക്കുന്ന അത്യാഡംബര സൗകര്യങ്ങളും മറ്റ് ആനുകൂല്യങ്ങളും കണ്ട് അത്ഭുതപ്പെടുകയാണ് നെറ്റിസൺസ്.
ഓഫീസിനുള്ളിലെ സൗകര്യങ്ങളെക്കുറിച്ച് വീഡിയോയിൽ വ്യക്തമായി കാതറീൻ വിശദീകരിക്കുന്നുണ്ട്. എല്ലാ നിലകളിലും പ്രത്യേകം സജ്ജീകരിച്ച അടുക്കളകൾ, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ, എപ്പോഴും ലഭ്യമായ കോഫി മെഷീനുകൾ എന്നിവയ്ക്കു പുറമെ, ജീവനക്കാർക്കായി സൗജന്യ പാചക ക്ലാസുകളും ഇവിടെയുണ്ട്. 'ബാക്ക് ടു ദി ഫ്യൂച്ചർ' സിനിമയുടെ തീമിൽ ഒരുക്കിയിരിക്കുന്ന മീറ്റിംഗ് സ്പേസാണ് വീഡിയോയിലെ മറ്റൊരു പ്രധാന ആകർഷണം.
ഭക്ഷണത്തിന്റെ കാര്യത്തിൽ ഗൂഗിൾ ഒട്ടും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു. പ്രഭാതഭക്ഷണം മുതൽ ഉച്ചഭക്ഷണം വരെ വൈവിധ്യമാർന്ന വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. സാലഡ് ബാറുകൾ, പിസ്സ, ഷ്രിമ്പ്, റിസോട്ട്, പോക്ക് ബൗളുകൾ, റാമൻ തുടങ്ങി ഒട്ടേറെ വിഭവങ്ങൾ ലഭ്യമാണ്. ഗൂഗിളിലെ ഭക്ഷണത്തെക്കുറിച്ചുള്ള ഹൈപ്പ് തീർത്തും അർഹതപ്പെട്ടതാണെന്ന് കാതറീൻ വീഡിയോയിൽ പറയുന്നു.
അതേസമയം, വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മനോഹരമായ സൗകര്യങ്ങൾ കണ്ട് പലരും അസൂയ പ്രകടിപ്പിക്കുമ്പോൾ, ജോലി സമ്മർദ്ദത്തെക്കുറിച്ചാണ് ചിലർ ഓർമ്മിപ്പിക്കുന്നത്. മനോഹരമായ സൗകര്യങ്ങളുണ്ടെങ്കിലും ജീവനക്കാരുടെ ജോലിഭാരം വളരെ കൂടുതലായിരിക്കുമെന്നും, ആരോഗ്യത്തേക്കാൾ ഉപരിയായി ജോലിക്ക് മുൻഗണന നൽകേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്നും ചിലർ കമന്റ് ചെയ്യുന്നു. എന്തായാലും ഗൂഗിൾ ഓഫീസ് കാണാൻ എത്തുന്നവർക്ക് ഇതൊരു വിരുന്നായി മാറിയിരിക്കുകയാണ്.







Comments