
ദുബായ് എന്ന് കേൾക്കുമ്പോൾ കണ്ണിൽ തെളിയുന്നത് തിളങ്ങുന്ന കെട്ടിടങ്ങളും ആഡംബര ജീവിതവും മനോഹരമായ നഗരക്കാഴ്ചകളുമൊക്കെയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ കാണുന്ന ഈ ദുബായിക്കപ്പുറം മറ്റൊരു ജീവിതം കൂടിയുണ്ട്. കഠിനമായ ചൂടിൽ ദിവസവും ജോലി ചെയ്യുന്നവരുടെ ജീവിതം എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്ന് ചൂണ്ടിക്കാട്ടി ദുബായിൽ താമസിക്കുന്ന ഇന്ത്യൻ യുവാവ് ലളിത് ജോഷി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ജോലി കഴിഞ്ഞ് മുറിയിലേക്ക് വെറും രണ്ട് മിനിറ്റ് നടന്നെത്തിയപ്പോഴേക്കും താൻ വിയർത്തൊലിച്ച അവസ്ഥയിലായെന്ന് ലളിത് വീഡിയോയിൽ പറയുന്നു. അതും പകൽ സമയത്തല്ല, രാത്രി 9 മണിക്ക്. ഇത്രയും കുറഞ്ഞ ദൂരം നടന്നപ്പോൾ തന്നെ ശരീരം മുഴുവൻ വിയർത്തെങ്കിൽ, പകൽ കൊടുംചൂടിൽ മണിക്കൂറുകളോളം പുറത്തു ജോലി ചെയ്യുന്നവരുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. പ്രത്യേകിച്ച് നിർമാണ മേഖലയിലടക്കം ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകളിലേക്കാണ് ലളിത് ശ്രദ്ധ ക്ഷണിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ ദുബായിയുടെ ആഡംബരവും തിളക്കവും മാത്രമാണ് പലപ്പോഴും കാണുന്നതെന്നും, എന്നാൽ ആ നഗരത്തിന്റെ മറ്റൊരു മുഖം കാണാൻ ദിവസവും കുടുംബത്തെ പോറ്റാനായി കഠിനാധ്വാനം ചെയ്യുന്നവരോട് ചോദിക്കണമെന്നും ലളിത് പറയുന്നു. നഗരത്തിന്റെ തിളങ്ങുന്ന ആകാശരേഖകൾക്കും ആഡംബര ജീവിതത്തിനും പിന്നിൽ ആയിരക്കണക്കിന് ആളുകളുടെ അധ്വാനവും വിയർപ്പും ത്യാഗങ്ങളുമുണ്ടെന്നും അദ്ദേഹം വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ ചൂണ്ടിക്കാട്ടി.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ദുബായിൽ ജോലി ചെയ്യുന്ന നിരവധി പേരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ച് രംഗത്തെത്തി. ദുബായിലെ ചൂടിന്റെ കാഠിന്യം തങ്ങൾക്കും അനുഭവപ്പെടുന്നുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും പലരും കമന്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ കാണുന്ന തിളക്കമാർന്ന ദുബായിക്ക് പിന്നിൽ, ചൂടും വിയർപ്പും സഹിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ആയിരക്കണക്കിന് മനുഷ്യരുടെ കഥ കൂടിയുണ്ടെന്ന ഓർമ്മപ്പെടുത്തലായി മാറുകയാണ് ഈ വീഡിയോ.







Comments