
ഹരിപ്പാട്: കരുവാറ്റയില്‍ വയോധികന് കൊല്ലപ്പെട്ട കേസില്‍ ബന്ധുവായ 13 വയസുകാരിയും കാമുകനും ഉള്‍പ്പെടെ നാല് കൗമാരക്കാര്‍ കസ്റ്റഡിയില്‍. കരുവാറ്റ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ മാടപ്പുറക്കല്‍ പാടീറ്റത്തില് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പരവൂര്‍ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസില്‍ ശിവന്‍കുട്ടി ചെട്ടിയാര്‍ (70) കൊല്ലപ്പെട്ട കേസിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നാടിനെ നടുക്കിയ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമായ കൊല്ലം പരവൂര്‍ സ്വദേശികളായ മൂന്ന് കൗമാരക്കാരാണ് കൃത്യം നടത്തിയത്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് രണ്ടു പേര്. മൂന്നാമന് പ്ലസ് വണ്‍ പഠനം കഴിഞ്ഞയാളാണ്. കൊല്ലത്ത് വിറ്റതടക്കം ഇവര്‍ മോഷ്ടിച്ച 4.5 പവന് സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.
പെണ്‍കുട്ടിയുടെ പ്രേരണയിലാണ് 15ന് വൈകിട്ട് സംഘം കരുവാറ്റയിലെത്തിയത്.
വീട്ടില്‍ സ്വര്‍ണമുണ്ടെന്നും പണവും സ്വര്‍ണവും അപഹരിക്കാമെന്നും പറഞ്ഞാണ് കാമുകന് സുഹൃത്തുക്കളെ കൂട്ടി എത്തിയത്. കൊല്ലപ്പെട്ടയാള്‍ തന്നോട് മോശമായി പെരുമാറിയെന്ന് പെണ്‍കുട്ടി കാമുകനോട് പറയുകയും ചെയ്തിരുന്നു. ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനും വൈകി വീട്ടിലെത്തുന്നതിനും ശിവന്‍കുട്ടി വഴക്കുപറഞ്ഞിരുന്നതും പെണ്‍കുട്ടിയുടെ ശത്രുത വളര്‍ത്തി. പെണ്‍കുട്ടിക്ക് പുതിയ ഐഫോണ്‍ വാങ്ങുന്നതിനും കാമുകനും കൂട്ടുകാര്‍ക്കും ബൈക്ക് വാങ്ങുന്നതിനും പണം സമ്പാദിക്കുകയായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശ്യമെന്നും പോലീസ് പറഞ്ഞു.
മകള്‍ ശ്രീകലയുടെ പ്രസവആവശ്യങ്ങള്ക്കായി ഭാര്യ സരസ്വതി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായതോടെ ശിവന്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന വിവരം പെണ്‍കുട്ടി കാമുകന് കൈമാറി. കൊല്ലത്തുനിന്ന് ട്രെയിന്‍ മാര്‍ഗം ഹരിപ്പാട്ടെത്തിയ മൂവര്‍ സംഘം ഓട്ടോറിക്ഷയില്‍ കരുവാറ്റയിലെ വീട്ടിലെത്തി. ബാത്ത്റൂമിലെ എക്സ്ഹോസ്റ്റ് ഫാന്‍ വയ്ക്കുന്നതിനായുള്ള വെന്റിലേഷന് ഭാഗത്തുകൂടി രണ്ടുപേര്‍ അകത്തുകടക്കുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ മുന്‍വാതില്‍ തുറന്ന് പുറത്തുനിന്ന മൂന്നാമനെയും അകത്തുകയറ്റി. ഡൈനിങ് റൂമിലുണ്ടായിരുന്ന ശിവന്‍കുട്ടിയെ തറയിലിട്ട് കൈയും കാലും പരസ്പരം വരിഞ്ഞുമുറുക്കി ക്രൂരമായി മര്‍ദിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പുവരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വര്‍ണം അപഹരിച്ചു. കൊലപാതകത്തിന് ശേഷം ശിവന്‍കുട്ടിയുടെ മൃതദേഹവും ദൃശ്യങ്ങളും പ്രതികള്‍ വിഡിയോ കോളിലൂടെ പെണ്‍കുട്ടിക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. സിനിമകള്‍ കണ്ട പ്രേരണയിലാണ് ഇവര്‍ കൃത്യം ചെയ്തതെന്നും പോലീസ് പറഞ്ഞു.
ഡോഗ് സ്ക്വാഡിനെയും വിരലടയാള വിദഗ്ധരെയും വഴിതെറ്റിക്കാന്‍ വീട്ടിലുണ്ടായിരുന്ന മുളകുപൊടിയെടുത്ത് മുറികളിലും വാതില്‍പ്പടികളിലും ഇവര്‍ വിതറി. രണ്ടുപേര്‍ മുന്‍വാതിലിലൂടെ പുറത്തിറങ്ങിയ ശേഷം, മൂന്നാമന് വീടിന്റെ പ്രധാന വാതിലുകള്‍ അകത്തുനിന്ന് പൂട്ടി വീണ്ടും എക്സ്ഹോസ്റ്റ് ഫാനിന്റെ ഭാഗത്തുകൂടി പുറത്തിറങ്ങി. പുലര്‍ച്ചെ കെ.എസ്.ആര്.ടി.സി. ബസില്‍ കൊല്ലത്തേക്ക് കടന്നു.
അപഹരിച്ചതില് കുറച്ചു സ്വര്‍ണം പ്രതികള്‍ കൊല്ലത്ത് വിറ്റ് 16,000 രൂപ വാങ്ങിയിരുന്നു. കൃത്യത്തില്‍ പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പെണ്‍കുട്ടി പല നാടകങ്ങളും മെനഞ്ഞതായും പോലീസ് പറഞ്ഞു. പ്രതികള്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് കൊല്ലത്തുനിന്നാണ് 24 മണിക്കൂറിനകം പ്രതികളെ അന്വേഷണസംഘം പിടികൂടിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. വിദേശത്തുള്ള മകള്‍ എത്തിയ ശേഷം ശിവന്‍കുട്ടി ചെട്ടിയാരുടെ സംസ്കാരം നടക്കും. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എ.ഡി.ജി.പി: പി. വിജയന്, ഡി.ഐ.ജി: യതീഷ് ചന്ദ്ര, ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി: രാജപ്പന്, സി.ഐ. വിനോദ്, എസ്.എച്ച്.ഒ.മാരായ നൗഷാദ്, ഷൈജ, എസ്.ഐ. ശ്യാം നിവാസ്, എ.എസ്.ഐമാരായ പ്രമോദ്, ഷിഹാബ്, പോലീസുകാരായ ശ്രീജിത്ത്, നിഷാദ് ഹരി, പ്രദീപ്, അരുണ്‍, സജാദ്, രഞ്ജിത്ത് ജവാഹര്‍, അഖില്‍ മുരളി, രഞ്ജിത്ത്, ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം അംഗങ്ങള്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ഗിരീഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.







Comments