
തൊടുപുഴ: അമ്മയെ മകന് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇടവെട്ടി മൈലാടുംപാറ തറപ്പേല്‍ റെയ്ച്ചല്‍ (63) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് ലിജോ (38) യെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 11-നായിരുന്നു സംഭവമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥിരം മദ്യപനായ ലിജോ മദ്യലഹരിയിലായിരുന്നെന്നും മരക്കഷണം ഉപയോഗിച്ചാണു റെയ്ച്ചലിനെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം.
വൈകുന്നേരമായിട്ടും റെയ്ച്ചലിനെ കാണാതിരുന്നതിനെത്തുടര്‍ന്ന് തൊട്ടടുത്തു താമസിക്കുന്ന സഹോദരി ഷൈനി വീട്ടിലെത്തി നോക്കിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30 ന് ലിജോ വീട്ടില്‍നിന്നു പോകുന്നതായി കണ്ടെന്ന് പരിസരവാസികള്‍ പോലീസിനോടു പറഞ്ഞു. വീടിന്റെ പുറകിലെ ജനലിന്റെ പടി കത്തിയ നിലയില്‍ കണ്ടെത്തി. ഇതിന്റെ ഒരുഭാഗം മൃതദേഹത്തിനു സമീപം കിടന്നിരുന്നു.
സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തൊടുപുഴ മാര്‍ക്കറ്റില്‍നിന്ന് ലിജോയെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണു വിവരം. ലിജോ കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. ലിജോ മുമ്പും അമ്മയുമായി വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് ഓട്ടോറിക്ഷ ൈഡ്രവറുമായും ഇയാള്‍ കലഹിച്ചിരുന്നു. നാട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല.
എറണാകുളത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന റെയ്ച്ചല്‍ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. കഴിഞ്ഞ 13 നു നാട്ടിലെത്തിയ ഇവര്‍ തൊടുപുഴ അറയ്ക്കപ്പാറയിലെ സഹോദരന് ഈട്ടിക്കല്‍ ജോണിന്റെ വീട്ടിലാണു താമസിച്ചത്. പിറ്റേന്ന് ആലപ്പുഴയില്‍ ധ്യാനത്തിനു പോയി. 16-നു രാത്രിയാണു തിരിച്ചെത്തിയത്. തിങ്കളാഴ്ച രാവിലെ മൈലാടുംപാറയിലെ വീട്ടിലെത്തിയിരുന്നു. മകന് ഒരുമാസത്തേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കൊടുക്കണമെന്ന് റെയ്ച്ചല്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവുമായി പിരിഞ്ഞാണ് ഇവര്‍ താമസിച്ചിരുന്നത്. തൊടുപുഴ ഡിവൈ.എസ്.പി: സജി മര്‍ക്കോസിന്റെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വീട്ടില്‍ പോലീസ്കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും ഇന്നു നടക്കും.







Comments