ദുബായ്: രാജ്യാന്തര എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിനു നേരേ അജ്ഞാത പ്ര?ജക്ടൈല് ആക്രമണം.
ഇന്നലെ പുലര്‍ച്ചെ ഒമാന്‍ തീരത്തുവച്ചാണ് ആക്രമണമുണ്ടായതെന്നും കപ്പലിന്റെ എന്ജിന് റൂമിനു സാരമായ കേടുപാടുകള്‍ സംഭവിച്ചതായും ബ്രിട്ടീഷ് നാവികസേനാ വിഭാഗമായ യു.കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അജ്ഞാത ആക്രമണത്തിന് ഇരയായ കപ്പലിനെക്കുറിച്ചുള്ള കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ജീവനക്കാര്‍ക്കു പരുക്കേല്‍ക്കുകയോ ജീവാപായം സംഭവിക്കുകയോ ചെയ്തിട്ടുണ്ടോ എന്നതും വ്യക്തമല്ല. എന്നാല്‍, കപ്പലില്‍നിന്ന് എണ്ണച്ചോര്ച്ചയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണു വിവരം. ഒമാന്‍ തീരസംരക്ഷണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ആഗോള വിപണിയിലേക്കുള്ള എണ്ണ-പ്രകൃതിവാതക നീക്കം നടക്കുന്ന പ്രധാന പാതയാണു ഹോര്‍മുസ് കടലിടുക്ക്. ഫെബ്രുവരി 28-ന് യു.എസും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനു പിന്നാലെയാണ് ഇറാന് ഇവിടം അടച്ചുപൂട്ടിയത്.
ഇതേത്തുടര്‍ന്ന് യു.എസ് ഈ മേഖലയില്‍ ഇറാനിയന്‍ കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ യു.എസിന്റെ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറാന്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കറും ഉന്നതതല ചര്‍ച്ചാ പ്രതിനിധിയുമായ മൊഹമ്മദ് ഘാലിബാഫ് ഇന്നലെയും ആവര്‍ത്തിച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കുക, എണ്ണയുടെ കയറ്റുമതി ഉപരോധം അവസാനിപ്പിക്കുക, സൈനിക ഭീഷണികളും നടപടികളും നിര്‍ത്തലാക്കുക തുടങ്ങിയവയാണ് ഇറാന്റെ ആവശ്യങ്ങള്‍.
പാത നിയന്ത്രിക്കാനുള്ള അന്തിമ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും നിലവിലെ യു.എസ്-ഇറാന് പ്രതിസന്ധി മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഇപ്പോഴും അപകടാവസ്ഥയിലാണെന്നു പുതിയ സംഭവം ഓര്‍മിപ്പിക്കുന്നു.






Comments