
കാഠ്മണ്ഡു: മഹാദുരന്തത്തില്‍ വിറങ്ങലിച്ചു നില്ക്കുന്ന നേപ്പാളിലും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവില്ല. വെള്ളത്തില്‍ ഒലിച്ചുവന്ന ലോക്കറില്‍നിന്ന് പണം മോഷ്ടിച്ചവരും മൃതദേഹത്തില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചവരും ഇതിലുള്‍പ്പെടുന്നു.
പ്രളയജലത്തിനൊപ്പം ഒലിച്ചുവന്ന ബാങ്ക് ലോക്കര്‍ കുത്തിപ്പൊളിച്ച് പണം കൈക്കലാക്കാന്‍ ശ്രമിച്ച 29 പേരെയാണ് നേപ്പാള്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രളയ ജലത്തിനൊപ്പം ഒഴുകിയ ലോക്കര്‍ ധാഡിങ്ങിലെ ഗാല്‍ച്ചി മേഖലയിലെ ത്രിശൂലി നദിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇത് പൊളിച്ച് പണം എടുക്കാനുള്ള സംഘത്തിന്റെ ശ്രമം പോലീസ് തടഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
29 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്നും തൊണ്ണൂറു ലക്ഷത്തിലധികം നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം രൂപ) കണ്ടെടുത്തു. കണ്ടെടുത്ത പണത്തിന്റെ ഉറവിടം പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, നാരായണി നദിയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയ സ്ത്രീയുടെ മൃതദേഹത്തില്‍നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച യുവാക്കളെ കഴിഞ്ഞ ദിവസം നേപ്പാള്‍ പോലീസ് പിടികൂടിയിരുന്നു. രക്ഷാദൗത്യത്തിന്റെ മറവിലാണ് 'ശവംതൂക്ക്' നിലവാരത്തിലുള്ള ക്രൂരത പ്രതികള്‍ ചെയ്തത്. മൃതദേഹങ്ങളില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കവരുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. മദന്‍ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.






Comments