
വാഷിങ്ടണ്‍: വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറില്‍ ഒപ്പിടാന്‍ ധാരണയായെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
വെനസ്വേലയുടെ 65 ബില്യണ്‍ ബാരലിലധികം ക്രൂഡ് ഓയില്‍ ശേഖരത്തില്‍ അമേരിക്കയ്ക്ക് നിയന്ത്രണം ലഭിക്കുന്നതാണ് കരാര്‍. ഇത് അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയിലധികമാക്കുമെന്നും രാജ്യത്തെ ഇന്ധനവില വലിയ തോതില്‍ കുറയ്ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
'ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറില്‍ അമേരിക്ക വെനസ്വേലയുമായി ധാരണയിലെത്തിയിരിക്കുന്നു. എന്റെ നിര്‍ദേശപ്രകാരം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവര്‍ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളിലാണ് ഈ ധാരണയായത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് കരാര്‍. അമേരിക്കന്‍ നികുതിദായകര്‍ക്ക് ഒരു ചെലവുമില്ലാതെയാണ് 65 ബില്യണ്‍ ബാരല്‍ എണ്ണയുടെ നിയന്ത്രണം നമ്മള് നേടിയെടുത്തത്'- ട്രംപ് പറഞ്ഞു.
മാസങ്ങള്‍ നീണ്ട നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കും ശേഷമാണ് ഇരുരാജ്യങ്ങളും കരാറില്‍ എത്താന്‍ ധാരണയായത്. വെനസ്വേലയുടെ എണ്ണ കയറ്റുമതിയില്‍ യു.എസ് നേരിട്ട് മേല്‍നോട്ടം വഹിച്ചുവരികയായിരുന്നു. ഒന്‍പത് മാസം മുന്‍പ് ട്രംപിന്റെ ഉത്തരവ് പ്രകാരം യു.എസ് സൈന്യം വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയിരുന്നു.
മയക്കുമരുന്ന് കടത്ത് അടക്കമുള്ള കേസുകളില്‍ വിചാരണയ്ക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് മാറ്റുകയും ചെയ്തു. മഡുറോയെ പുറത്താക്കിയ ശേഷം യു.എസ് എണ്ണക്കമ്പനികള്‍ക്ക് വെനസ്വേലയിലേക്ക് മടങ്ങിവരാമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ കാലത്ത് ദേശസാല്‍ക്കരിച്ച വിദേശ കമ്പനികളുടെ ആസ്തികള്‍ തിരിച്ചുപിടിക്കണമെന്നായിരുന്നു ട്രംപിന്റെ വാദം.
ഇറാനുമായുള്ള യുദ്ധം ആറു മാസം പിന്നിട്ടുമ്പോള്‍ എണ്ണ വില സംബന്ധിച്ച് യു.എസില്‍ ആഭ്യന്തര സമ്മര്‍ദം രൂക്ഷമാണ്. ഇതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.






Comments