
ഇസ്ലാമാബാദ്: ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമായ സാഹചര്യത്തില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയും പി.ടി.ഐ അധ്യക്ഷനുമായ ഇമ്രാന് ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ പാകിസ്താന് സുപ്രീം കോടതി ഉത്തരവിട്ടു. അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാന്റെ ആരോഗ്യനില വഷളാകുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബവും പാര്‍ട്ടിയും തുടര്‍ച്ചയായി ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിര്‍ണായക ഉത്തരവ്. 48 മണിക്കൂറിനകം ഇമ്രാന് ഖാനെ ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷനല്‍ ആശുപത്രിയിലേക്കു മാറ്റാനും സെപ്റ്റംബര്‍ 16 വരെ അവിടെ ചികിത്സയില്‍ തുടരാനുമാണ് സുപ്രീം കോടതി ഉത്തരവ്. ഇതിനൊപ്പം ഓരോ ആഴ്ചയും അദ്ദേഹത്തിന് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതിയും കോടതി നല്കി. ഇമ്രാന് ഖാന്റെ ഡോക്ടറും അദ്ദേഹത്തിന്റെ സഹോദരിയുമായ ഡോ. ഉസ്മ ഖാനെയും ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ആരോഗ്യം വിലയിരുത്താനും കോടതി ഉത്തരവില്‍ പറയുന്നു.
ഇമ്രാന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുതെന്നും വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കും കുടുംബത്തിനും കോടതി കര്‍ശന നിര്‍ദേശം നല്കി. 73 കാരനായ ഇമ്രാന് 2023 ഓഗസ്റ്റ് മുതല്‍ അഡിയാല ജയിലിലാണ്. ജയില്‍വാസത്തെ തുടര്‍ന്ന് ഇമ്രാന് ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി വലിയ തോതില്‍ കുറഞ്ഞതായി അദ്ദേഹത്തിന്റെ മക്കളും അഭിഭാഷകരും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇമ്രാന് ഖാന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്ന് മുന്‍ പ്രസിഡന്റ് ആരിഫ് അല്വിയും എക്സില്‍ കുറിച്ചു. അഡിയാല ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് പാക് സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം, കടുത്ത മാനസിക സമ്മര്‍ദ്ദം, അസ്വസ്ഥത, ഹൃദയമിടിപ്പ് കൂടുക, തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഖാന് നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.






Comments