
റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു നിമിഷത്തെ വൈകലുപോലും ചിലപ്പോൾ വലിയ അപകടത്തിന് കാരണമാകാം. പശ്ചിമ ബംഗാളിലെ കാലിംപോങ്ങിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒരാൾക്ക് നേരെ വൻ മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും സെക്കൻഡുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കാലിംപോങ്ങിലെ ബിന്ദു പ്രദേശത്താണ് സംഭവം. ബൈക്കർ റോഡിലൂടെ കടന്നുപോകുന്നതിനിടെയാണ് സമീപത്തെ മലയിൽ നിന്ന് പാറകളും മണ്ണും മറ്റ് അവശിഷ്ടങ്ങളും താഴേക്ക് പതിക്കാൻ തുടങ്ങിയത്. അപകടസാധ്യത മനസ്സിലാക്കിയതോടെ ബൈക്കർ ഉടൻ തന്നെ മുന്നോട്ട് നീങ്ങി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ബൈക്കർ സുരക്ഷിതമായി മുന്നോട്ട് പോയതിന് തൊട്ടുപിന്നാലെയാണ് വൻതോതിൽ മണ്ണും പാറകളും റോഡിലേക്ക് പതിച്ചത്. ഏതാനും സെക്കൻഡുകൾ കൂടി അവിടെ തുടരുകയായിരുന്നെങ്കിൽ ബൈക്കർ മണ്ണിടിച്ചിലിൽ അകപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. റോഡിലൂടെ കടന്നുപോകുന്ന ബൈക്കറുടെ തൊട്ടുപിന്നിൽ വൻതോതിൽ മണ്ണും അവശിഷ്ടങ്ങളും പതിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് ബൈക്കർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ച് പ്രതികരിച്ചത്. മലയോര മേഖലകളിൽ മഴ ശക്തമാകുന്നതിനിടെ മണ്ണിടിച്ചിൽ സാധ്യത കൂടുതലായതിനാൽ യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദൃശ്യങ്ങൾ നൽകുന്നത്.







Comments