
ദുബായ്: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷയില്‍ വീണ്ടും ആശങ്ക ഉയര്‍ന്നതോടെ എണ്ണ വില മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്നലെ ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചേഴ്സ 0.49% വര്‍ധിച്ച് ഒരു ബാരലിന് 91.47 ഡോളറിലെത്തി. യു.എസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.53% ഉയര്‍ന്ന് ഒരു ബാരലിന് 85.39 ഡോളറിലെത്തി.
തിങ്കളാഴ്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി 17 ന് അവസാനിച്ചതോടെയാണ് ആശങ്ക ശക്തമായത്. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യാപാരികള്‍ക്കിടയിലുള്ള അനിശ്ചിതത്വമാണ് വിലവര്‍ധനയുടെ പ്രധാന കാരണം. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ നീക്കവും ശരാശരിയേക്കാള്‍ വളരെ താഴെയാണ്.
ഇറാനുമായി നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അതേസമയം, ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍, ജലപാത അടഞ്ഞുകിടക്കുകയാണെന്നായിരുന്നു ഇറാന്റെ മറുപടി. നയതന്ത്ര ശ്രമങ്ങള്‍ സ്തംഭിച്ചതിനാല്‍ തങ്ങള്‍ 'പൂര്‍ണമായും ആക്രമണാത്മകമായ' സൈനിക നിലപാടിലേക്ക് നീങ്ങുകയാണെന്ന് ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.






Comments