
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ഏറെക്കാലത്തിനുശേഷം അടിയാല ജയിലില്‍ ഭാര്യയെയും സഹോദരിയെയും കണ്ടു. ആരോഗ്യസ്ഥിതിയില്‍ ആശങ്ക ഉയര്‍ന്നതോടെ തടവില്‍ കഴിയുന്ന ഇമ്രാന് ആഴ്ചതോറും കുടുംബാംഗങ്ങളെ കാണാന്‍ സുപ്രീം കോടതി അനുവാദം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഭാര്യ ബുഷ്റ ബീവി, സഹോദരി നൊറീന് നിയാസി എന്നിവരുമായി ഒമ്പതു മാസങ്ങള്‍ക്കുശേഷം അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
നിരവധി കേസുകളെ നേരിടുന്ന ഇമ്രാന് ഖാന് 2023 മുതല്‍ അഡിയാല ജയിലിലാണ്. പാകിസ്താന് തെഹ്രീക് ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയുടെ സ്ഥാപകനായ അദ്ദേഹം അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതിക്കേസിലാണ് നിലവില്‍ 14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്നത്. സഹോദരി നൊറീന് നിയാസിയുമായി ജയിലിന്റെ കോണ്‍ഫറന്‍സ് റൂമിലാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയതെന്ന് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ആദ്യമായാണ് സഹോദരിയെ അദ്ദേഹം കാണുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു. അതേസമയം, ഭാര്യ ബുഷ്റ ബീവിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച അര മണിക്കൂറിലധികം നീണ്ടതായാണു റിപ്പോര്‍ട്ട്. ബുഷ്റ ബീവിയും അഡിയാല ജയിലില്‍ തടവില്‍ കഴിയുകയാണ്.
ഇമ്രാനെ ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിലേക്കു മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് സഹോദരി നൊറീന് അദ്ദേഹത്തോടു പറഞ്ഞതായി വാര്‍ത്തയുണ്ട്. ഇമ്രാന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ച അവര്‍ നിയമപരമായ ചില കാര്യങ്ങളും അദ്ദേഹവുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ കൂടിക്കാഴ്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി അവര്‍ പങ്കുവച്ചില്ല. സന്ദര്‍ശനം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചാല്‍ നല്കിയ ഇളവ് പിന്‍വലിക്കുമെന്ന് കോടതി ഉത്തരവില്‍ മുന്നറിയിപ്പുള്ള സാഹരര്യത്തിലാണിത്.
ഇമ്രാന്റെ മറ്റു സഹോദരിമാരായ അലീമ ഖാന്, ഉസ്മ ഖാന് എന്നിവരും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചെക്ക്പോസ്റ്റില്‍നിന്ന് നൊറീനെ മാത്രമേ ജയിലിനുള്ളിലേക്കു പോകാന്‍ അനുവദിച്ചുള്ളൂ.
തടവില്‍ കഴിയുന്ന ബുഷ്റ ബീവിയും ഇതിനിടെ അവരുടെ കുടുംബാംഗങ്ങളെ കണ്ടു. മക്കളായ മൂസ, മുബഷറ മാനേക എന്നിവരുള്‍പ്പെടെയാണ് ബുഷ്റയെ സന്ദര്‍ശിച്ചത്. ബുഷ്റയുടെ ആദ്യ വിവാഹത്തിലെ മക്കളാണിവര്‍. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷമാണ് ഇമ്രാന് ഖാനെ അവര്‍ വിവാഹം കഴിച്ചത്.അതേസമയം, മുന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളില്‍ പ്രതികരണവുമായി ഇതിനിടെ പാക് സര്‍ക്കാരും രംഗത്തെത്തി. ഇമ്രാനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരേ നിയമപരമായി മുന്നോട്ടു പോകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ശിക്ഷിക്കപ്പെട്ട തടവുകാരനെ ചികിത്സിക്കേണ്ടത് ജയിലിലോ സര്‍ക്കാര്‍ ആശുപത്രിയിലോ ആണെന്നും കോടതി ഉത്തരവില്‍ ഭേദഗതി തേടി സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും പാക് നിയമമന്ത്രി അസം നസീര്‍ തരാര്‍ വ്യക്തമാക്കി.






Comments