
അബുദാബി: ഹോര്‍മുസ് കടലിടുക്കിനെച്ചൊല്ലി യു.എസ്-ഇറാന് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, പശ്ചിമേഷ്യ അശാന്തമായി തുടരുന്നു. ആക്രമണം തുടരുന്ന ഇറാനെതിരേ യു.എ.ഇ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു.
മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ തീരുമാനം പ്രാബല്യത്തിലുണ്ടാകുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമാണ് നടപടിയെന്ന് യു.എ.ഇ വ്യക്തമാക്കി. ഇറാനില്‍നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങള്‍ക്കുനേരെ വിക്ഷേപിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച പ്രാദേശികസമയം വൈകിട്ട് 6.52-ന് ദുബായ് ഉള്‍പ്പെടെ യു.എ.ഇയിലെമ്പാടും മിസൈല്‍ ഭീഷണി അലാറം മുഴങ്ങി. സാഹചര്യം സുരക്ഷിതമാണെന്ന് യു.എ.ഇ. ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് 15 മിനിട്ടിനുശേഷമാണ് ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചത്.
ഇറാന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമപ്രതിരോധസംവിധാനം തിരിച്ചറിഞ്ഞതായി യു.എ.ഇ. പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. കപ്പല്‍ ഗതാഗതം തടസപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള രണ്ട് മിസൈലുകളും കടലില്‍ തകര്‍ന്നുവീണു. ഒരെണ്ണം യു.എ.ഇ. സമുദ്രാതിര്‍ത്തിക്കു പുറത്താണ് വീണത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും നേരേയുള്ള ഏത് ഭീഷണിയും ചെറുക്കാന്‍ സൈന്യം തയാറാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, യു.എ.ഇയ്ക്കുനേരേ മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം ഇറാന് വിദേശകാര്യമന്ത്രാലയം നിഷേധിച്ചു. യു.എ.ഇയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വിശേഷിപ്പിച്ച ഇറാന് വിദേശകാര്യ മന്ത്രാലയം, ഇത്തരം ആരോപണങ്ങള്‍ മേഖലയിലെ സമാധാനശ്രമങ്ങളെയും അയല്പക്ക ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നല്കി.






Comments