
ഗോഡ്ഫാദറിലെ മായിന്കുട്ടിയായും ഹരിഹര് നഗറിലെ അപ്പുക്കുട്ടനായുമൊക്കെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിട്ടുള്ള ജഗദീഷ് കോളേജ് അധ്യാപകനായിരുന്നുവെന്നത് ഇന്നും പലര്ക്കും വിശ്വസിക്കാന് കഴിയാത്ത കാര്യമാണ്. ഒറ്റനിമിഷം മാത്രം പ്രത്യക്ഷപ്പെടുന്ന റോളില് തുടങ്ങിയ ജഗദീഷ് സഹനടനായി പിന്നീട് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യനടനായി ഉപനായകനായി നായകനായി അതിനു ശേഷം ക്യാരക്ടര് റോളുകളും വില്ലന് വേഷങ്ങളുമടക്കം ചെയ്ത് വെള്ളിത്തിരയില് നിറഞ്ഞു നില്ക്കാന് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലധികമായി.
അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്തായും ജഗദീഷ് തിളങ്ങിയിട്ടുണ്ട്. സിനിമയില് തിരക്ക് കുറഞ്ഞപ്പോള് റിയാലിറ്റി ഷോകളിലൂടെ ടെലിവിഷന് ആങ്കറായും ജഡ്ജായുമെല്ലാം സാന്നിധ്യം അറിയിച്ച ജഗദീഷ് ന്യൂജന് കാലത്ത് വീണ്ടും ശക്തമായി തിരിച്ചു വന്നു. ഇന്ന് വ്യത്യസ്തമായ ക്യാരക്ടര് റോളുകളിലൂടെ പ്രേക്ഷകരുടെ ഹൃദയവും സ്നേഹവും നേടിയെടുക്കുകയാണ് താരം.
ഇപ്പോഴിതാ താനവതരിപ്പിക്കുന്ന കഥാപാത്രങ്ങള് ഒരു അദ്ധ്യാപകന് യോചിച്ച വേഷങ്ങളല്ല എന്ന് പറയുകയാണ് ജഗദീഷ്. സമൂഹത്തിൽ മാതൃകയാകേണ്ട അധ്യാപകൻ വഴിവക്കത്ത് നിന്ന് പെൺപിള്ളേരെ കമന്റടിക്കുന്നതാണ് പ്രേക്ഷകര് കണ്ടിട്ടുള്ളതെന്നും ഒരു അദ്ധ്യാപകനായ തന്നെ എന്നെ ഇത്രയും മണ്ടനാക്കുന്നതിൽ പ്രേക്ഷകര് പ്രതിഷേധം പ്രകടിപ്പിച്ച് താന് ഒരിക്കലും കണ്ടിട്ടില്ലെന്നും ജഗദീഷ് പറയുന്നു.
‘‘ഒരു അധ്യാപകന്റെ അന്തസ്സിന് യോജിച്ച വേഷങ്ങളല്ല ഞാൻ പലപ്പോഴും കൈകാര്യം ചെയ്തിട്ടുള്ളത്. സമൂഹത്തിൽ മാതൃകയാകേണ്ട അദ്ധ്യാപകൻ വഴിവക്കത്ത് നിന്ന് പെൺപിള്ളേരെ കമന്റടിക്കുന്നതാണ് നിങ്ങൾ കണ്ടിട്ടുള്ളത്. അപ്പുക്കുട്ടന്റെയൊക്കെ കാര്യം അറിയാമല്ലോ.
അതേപോലെതന്നെ ഏറ്റവും നല്ല രീതിയിൽ ഉച്ചാരണ ശുദ്ധിയോടെ എന്റെ ഇംഗ്ലീഷ് അധ്യാപകർ എന്നെ കവിതകള് പഠിപ്പിച്ചിട്ടുണ്ട്. ‘ഹോം ദെ ബ്രോട്ട് ഹെര് വാരിയര് ഡെഡ്...’ എന്ന കവിതയൊക്കെ നല്ല രീതിയിൽ ഉച്ചരിച്ചു കൊണ്ടിരുന്ന ഞാൻ സ്ക്രീനിൽ വന്നപ്പോൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്, ‘ഇച്ച്യൂസ് മീ...’
മുകേഷ്, സിദ്ധിഖ്, അശോകൻ, എന്നിവരുടെ കൂട്ടത്തില് ഉച്ചാരണം അറിയാത്തത് ജഗദീഷിനാണ്... എപ്പോഴും ഏറ്റവും മണ്ടനായിട്ട് അവതരിപ്പിക്കുന്നത് എന്നെയാണ്. പക്ഷേ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം, എം.കോം റാങ്കോടുകൂടി പാസ്സായ ആളാണ് ഞാൻ.
എന്നിട്ടും എന്നെ ഇത്രയും മണ്ടനാക്കുന്നതിൽ നിങ്ങൾ പ്രതിഷേധം പ്രകടിപ്പിച്ച് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എല്ലാവരും പറയും, ‘അത് ശരിയാ, നിങ്ങളാണ് ഏറ്റവും നല്ല മണ്ടൻ’എന്ന്.
ഹരിഹര്നഗറിന്റെ രണ്ടാം ഭാഗം ഇറങ്ങിയപ്പോ പല ചാനലുകളും എനിക്ക് മികച്ച ഹാസ്യനടനായി അവാർഡ് തന്നു. ഇൻ ഹരിഹർ നഗർ 2 ഇറങ്ങിയപ്പോൾ ഹാസ്യനടനായി എന്നെയാണ് തിരഞ്ഞെടുത്തത്. അതിലൂടെ കേരളത്തിലെ ചാനലുകൾ ഒരു കാര്യം സ്ഥാപിക്കുകയായിരുന്നു. എന്താണെന്നറിയാമോ? കേരളത്തിലെ ഏറ്റവും വലിയ മണ്ടൻ ജഗദീഷ് ആണ് എന്ന്. അതിനും കുറച്ചുപേർ കയ്യടിച്ചു....’’ ജഗദീഷ് പറഞ്ഞു. താരത്തിന്റെ നര്മ്മരസം കലര്ന്ന എന്നാല് ചിന്തകള് വാഗ്ദാനം ചെയ്യുന്ന ഈ വാക്കുകള് നിറകൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. പെരിന്തൽമണ്ണ എം. ഇ. എസിൽ വെച്ച് നടക്കുന്ന എം.ഇ.എസിന്റെ 60-ാം വാർഷിക സമാപന ചടങ്ങിൽ അതിഥിയായി എത്തിയപ്പോഴാണ് ജഗദീഷ് തന്റെ പ്രൊഫഷണല് കരിയറിനെക്കുറിച്ച് വളരെ രസകരമായി സംസാരിച്ചത്.







Comments