
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ ഉടലെടുത്ത വാക്പോര് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വന്‍ പ്രതിസന്ധിയിലാക്കുന്നു.
വരുംദിവസങ്ങളില്‍ ചേരുന്ന എല്‍.ഡി.എഫ്. യോഗങ്ങള്‍ ബഹിഷ്കരിക്കാനും നിയമസഭയില്‍ പ്രതിപക്ഷ നിരയില്‍ പ്രത്യേക ബ്ലോക്കായി പ്രവര്‍ത്തിക്കാനും സി.പി.ഐ. ആലോചിക്കുന്നുണ്ട്. എല്‍.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ. മുന്നണിബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെടുന്ന ചില നേതാക്കളും സജീവമാണ്. സി.എം.ആര്.എല്‍. മാസപ്പടി കേസില്‍ വീണാ വിജയനെതിരായ അന്വേഷണം കേവലം രാഷ്ട്രീയ വൈരാഗ്യമായി കാണാനാകില്ലെന്ന് ബിനോയ് വിശ്വം അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. കേസിനെ രാഷ്ട്രീയമായി പ്രതിരോധിച്ച് തടിയൂരാന്‍ ശ്രമിക്കുന്ന സി.പി.എം. നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ബിനോയ് വിശ്വത്തിന്റെ ഈ നിലപാട് കനത്ത തിരിച്ചടിയായിരുന്നു. ഇതോടെയാണ് സി.പി.ഐ. നേതൃത്വത്തിനെതിരേ പരസ്യ കടന്നാക്രമണത്തിന് പിണറായി വിജയന് മുതിര്‍ന്നത് എന്നാണ് വിലയിരുത്തല്‍.
നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ആരാകണമെന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് കത്തുനല്കാനുള്ള പൂര്‍ണ അധികാരം തനിക്കാണെന്ന് പിണറായി വിജയന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചതാണ് ഏറെനാളായി നിലനില്‍ക്കുന്ന തര്‍ക്കം വീണ്ടും സജീവമാകാന്‍ ഇടയാക്കിയത്. സ്പീക്കര്‍ക്ക് അയയ്ക്കുന്ന കത്തില്‍ സി.പി.എം. നേതാവിന്റെ പേരു മാത്രമായിരിക്കും ഉണ്ടാകുകയെന്നും സി.പി.ഐയുടെ അവകാശവാദങ്ങളെ പൂര്‍ണമായും തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരായ ബിനോയ് വിശ്വത്തിന്റെ പ്രതികരണം തികഞ്ഞ അമര്‍ഷത്തോടെയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പദവിക്കോ അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്കോ ചേര്‍ന്ന പ്രസ്താവനയല്ല ഇതെന്നും എല്‍.ഡി.എഫിന്റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്ത രീതിയിലാണ് പിണറായി സംസാരിച്ചതെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. മുന്നണിക്കുള്ളിലെ വിയോജിപ്പുകള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ രീതിയില്‍ പ്രതികരിക്കുന്നതിനേക്കാള്‍ രൂക്ഷമായിരുന്നു ബിനോയ് വിശ്വത്തിന്റെ ഇന്നലത്തെ പ്രതികരണം.
ഇരുനേതാക്കളും തമ്മിലുള്ള പരസ്യ പോര് മുറുകിയതോടെ മുന്നണി യോഗങ്ങളില്‍ പങ്കെടുന്നത് നിര്‍ത്തിവയ്ക്കാന്‍ സി.പി.ഐ. ആലോചിക്കുകയാണ്. സി.പി.എമ്മിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും വിധേയരായി മുന്നണിയില്‍ തുടരുന്നത് പാര്‍ട്ടിയുടെ സ്വാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുമെന്നാണ് നേതാക്കളുടെ പൊതുവിലയിരുത്തല്‍. അതിനാല്‍ യോഗങ്ങള്‍ ബഹിഷ്കരിച്ച് കടുത്ത പ്രതിഷേധം രേഖപ്പെടുത്താനാണ് നീക്കം. സഭയ്ക്കുള്ളില്‍ സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ പ്രതിപക്ഷ നിരയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള വഴിയും സി.പി.ഐ. തേടുന്നുണ്ട്. മുന്നണിയുടെ ഭാഗമായി തുടരുമ്പോഴും സി.പി.എമ്മിന്റെ തീരുമാനങ്ങള്‍ക്ക് അന്ധമായി വഴങ്ങില്ലെന്ന കൃത്യമായ സന്ദേശം നല്‍കുകയാണ് ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇത് സഭയ്ക്കുള്ളിലെ പ്രതിപക്ഷ ഐക്യത്തെ കാര്യമായി ബാധിക്കും.
മുന്നണി വിടുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെങ്കിലും, ഭാവിയില്‍ എല്‍.ഡി.എഫ്. വിടുന്നതിലേക്കുള്ള മുന്നോടിയായാണ് ഈ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ചരിത്രപരമായി മുന്നണിയുടെ ആണിക്കല്ലായ സി.പി.ഐ. പുറത്തുപോയാല്‍ അത് എല്‍.ഡിഎഫിന്റെ രാഷ്ട്രീയ പ്രതിച്ഛായയെയും നിലനില്‍പ്പിനെയും സാരമായി ബാധിക്കും. എന്നാല്‍, മുന്നണിയില്‍നിന്നുകൊണ്ട് തന്നെ തങ്ങളുടെ വിയോജിപ്പുകള്‍ പൊതുസമൂഹത്തിന് മുന്നിലെത്തിക്കാനാണ് ഒരുവിഭാഗം നേതാക്കള്‍ താല്പര്യം പ്രകടിപ്പിക്കുന്നത്.
പാര്‍ട്ടി സെക്രട്ടറിയെയും മുന്നണി മര്യാദകളെയും പരസ്യമായി അധിക്ഷേപിച്ച പിണറായി വിജയന്റെ ശൈലിക്കെതിരേ സി.പി.ഐയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ കടുത്ത രോഷമാണ് ഉയരുന്നത്. മുന്‍കാലങ്ങളിലും സി.പി.എമ്മുമായി ആശയപരമായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, പാര്‍ട്ടി നേതൃത്വത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത് സഹിക്കാനാവില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
എസ്. നാരായണന്







Comments