
ജിദ്ദ: ജിദ്ദ ത്രീ സ്റ്റാറും ഹൈപ്പർ വഫാ ബാഗ്ദാദിയയും സഹകരിച്ച് സംഘടിപ്പിച്ച ‘സന്ധ്യാരാഗം’ സംഗീതവിരുന്ന് ശ്രദ്ധേയമായി. ബാഗ്ദാദിയയിലെ ഹൈപ്പർ അൽ വഫാ വേദിയിൽ വെള്ളിയാഴ്ച (21-08-2026) നടന്ന പരിപാടിയിൽ ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ വലിയ പങ്കാളിത്തമുണ്ടായി.
ജിദ്ദയിലെ സംഗീതവേദികളിൽ സജീവ സാന്നിധ്യമായ നൂഹ് ബീമാപ്പള്ളിയുടെ നേതൃത്വത്തിലാണ് സംഗീതവിരുന്ന് ഒരുക്കിയത്. ജിദ്ദയിലെ പ്രമുഖ ഗായകർ അണിനിരന്ന പരിപാടിയിൽ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഗാനങ്ങൾ ആലപിച്ചു. വിവിധ തലമുറകളിലെ സംഗീതാസ്വാദകരെ ഒരുപോലെ ആകർഷിച്ച പരിപാടിക്ക് നിറഞ്ഞ സദസ്സിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സോഫിയ സുനിൽ, രമ്യ ബ്രൂസ്, ഐശ്വര്യ അനിൽ, അഷറഫ് വലിയോറ, റാഫി ആലുവ, സത്യൻ പി. നായർ, ഹസ്സൻ കൊണ്ടോട്ടി, മൻസൂർ നിലമ്പൂർ, അഫ്ര സബീൻ റാഫി, ഗഫൂർ തൃപ്പനച്ചി, ആർദ്ര, മൻസൂർ പാങ്ങ്, രഞ്ജു തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിച്ചു. നിഫാ നജീബ്, നുഹാ നജീബ് എന്നിവർ അവതരിപ്പിച്ച നൃത്താവിഷ്കാരവും ശ്രദ്ധേയമായി.
ജിദ്ദയിലെ പ്രവാസി സമൂഹത്തിൽ സുപരിചിതയായ സുവിജ സത്യനായിരുന്നു അവതാരക. സ്വാഭാവികമായ അവതരണത്തിലൂടെ പരിപാടിയെ മികച്ച രീതിയിൽ മുന്നോട്ടുനയിക്കാൻ അവർക്ക് സാധിച്ചു.
ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ഗുഡ് ഹോപ്പ് ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. ജുനൈസ് ബാബു പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കോഓർഡിനേറ്റർ നൂഹ് ബീമാപ്പള്ളി സ്വാഗതം ആശംസിച്ചു. മാതൃഭൂമി റിപ്പോർട്ടർ ജാഫറലി പാലക്കോട്, എൻജിനീയർ കാജ മൊയ്തീൻ, വാസു ഹംദാൻ, ഹസ്സൻ കൊണ്ടോട്ടി, മോഹൻ ബാലൻ, ജ്യോതി ബാബുകുമാർ, ബാദുഷ മാസ്റ്റർ, മൻസൂർ ഫറോക്ക്, അൽ വഫാ പ്രതിനിധി അർഷാദ് എന്നിവർ ആശംസകൾ നേർന്നു.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും സംഘാടകർക്കും ആസ്വാദകർക്കും ജിദ്ദ ത്രീ സ്റ്റാർ ചെയർമാൻ നവാസ് ബീമാപ്പള്ളി നന്ദി അറിയിച്ചു. ഗഫൂർ മാഹി, ഷാജി കായംകുളം, നിസാർ കരുനാഗപ്പള്ളി എന്നിവർ സദസ്സിന്റെ നിയന്ത്രണത്തിന് നേതൃത്വം നൽകി.
വൈകിട്ട് എട്ടിന് ആരംഭിച്ച സംഗീതവിരുന്ന് രാത്രി ഏറെ വൈകിയും നീണ്ടുനിന്നു. ഓരോ ഗാനത്തിനും സദസ്സിൽനിന്ന് ലഭിച്ച ആവേശകരമായ പ്രതികരണവും നിറഞ്ഞ സദസ്സും പരിപാടിയുടെ വിജയത്തിന് തെളിവായി. പ്രവാസി സമൂഹത്തിന് സംഗീതത്തിലൂടെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയൊരുക്കിയ ‘സന്ധ്യാരാഗം’ ജിദ്ദയിലെ കലാ-സാംസ്കാരിക പരിപാടികളുടെ പട്ടികയിൽ ശ്രദ്ധേയമായ ഒരനുഭവമായി മാറി.
റിപ്പോർട്ട്: ബാദ്ഷാ EK







Comments