വാഷിങ്ടണ്‍/ന്യൂഡല്‍ഹി: ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ യു.എസ്. ഉപരോധം നേരിടുന്ന സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള നാല് കമ്പനികളും. ഇറാന്റെ വരുമാന സ്രോതസുകളെല്ലാം തടയാന്‍ ലക്ഷ്യമിട്ട് യു.എസ്. ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസെന്ത് പ്രഖ്യാപിച്ച 'ഓപ്പറേഷന് ഇക്കണോമിക് ഔട്ട്കാസ്റ്റി'ന്റെ ഭാഗമായാണ് നടപടി. ഇറാനില്‍നിന്ന് പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് സഹായിക്കുന്ന പോര്‍ട്ട് ഈസ് പാര്‍ട്ട്ണേഴ്സ് എല്‍.എല്‍.പിയും ഉടമകളായ ഇന്ദ്രിസ്മിയ അഷ്റഫ്മിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്ര റാംഗി എന്നിവരും യു.എസ്. ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. സദാശിവ ഓവര്‍സീസ് ലിമിറ്റഡ്, പി.പി. സോഫ്റ്റ്ടെക് ൈപ്രവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇന്‍ഫ്രാ ഇംപ്ലെക്സ് ൈപ്രവറ്റ് ലിമിറ്റഡ് എന്നിവയാണ് ഉപരോധം നേരിടുന്ന മറ്റ് ഇന്ത്യന്‍ കമ്പനികള്‍. ഇറാനില്‍നിന്ന് 69 ദശലക്ഷം ഡോളറിന്റെ പെട്രോളിയം ഉത്പന്നങ്ങളാണ് സദാശിവ കമ്പനി ഇറക്കുമതി ചെയ്തത്. പി.പി. സോഫ്റ്റ്ടെക് ഡയറക്ടര്‍ പ്രശാന്ത് ഗാര്‍ഗും യു.എസ്. ഉപരോധപ്പട്ടികയിലുണ്ട്. യു.എസ്. ഉപരോധത്തേത്തുടര്ന്ന് രാജ്യം സാമ്പത്തികപ്രതിസന്ധി നേരിടുന്നതായി ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. അതേസമയം, യു.എസ്. നടത്തുന്ന 'സാമ്പത്തിക യുദ്ധത്തില്‍' പങ്കുചേരുന്ന രാജ്യങ്ങള്‍ക്ക് ഇറാന് കടുത്തഭാഷയില്‍ മുന്നറിയിപ്പ് നല്കി. ശക്തമായി തിരിച്ചടിക്കുമെന്നാണ് ഭീഷണി. മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ വഴിമുട്ടുകയും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടെയാണ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായിയുടെ പ്രതികരണം.






Comments