
ചില പിറന്നാൾ സമ്മാനങ്ങൾ വിലകൊണ്ട് വലുതാകണമെന്നില്ല. അവ ഒരുക്കിയ സ്നേഹമാണ് പിന്നീട് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമയായി മാറുന്നത്. അത്തരമൊരു പിറന്നാൾ സർപ്രൈസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീട്ടിലേക്ക് എത്തിയ കുഞ്ഞിനായി കുടുംബം ഒരുക്കിയ കാഴ്ച കണ്ടാൽ ആരുടെയും മുഖത്ത് പുഞ്ചിരി വിടരും.
റിദ്ധി എന്ന പെൺകുട്ടിയുടെ പിറന്നാൾ ദിനത്തിലാണ് കുടുംബം വ്യത്യസ്തമായ രീതിയിൽ സർപ്രൈസ് ഒരുക്കിയത്. വീട്ടിലെത്തിയ കുട്ടിയെ വാതിൽക്കൽ റിബൺ മുറിച്ച് അകത്തേക്ക് പ്രവേശിക്കുന്ന രീതിയിലാണ് സ്വീകരിച്ചത്. തുടർന്ന് വീട്ടിനുള്ളിലേക്ക് കടന്നപ്പോൾ പൂക്കളാൽ അലങ്കരിച്ച വഴിയും അതിനരികിലായി നിരത്തി വച്ച നിരവധി സമ്മാനങ്ങളും കുട്ടിയെ കാത്തിരുന്നു.
കാഴ്ച കണ്ട് ആദ്യം അമ്പരന്ന റിദ്ധി പിന്നീട് ഓരോ സമ്മാനവും ഒന്നൊന്നായി എടുത്തുതുടങ്ങി. കൈകളിൽ സമ്മാനങ്ങൾ നിറയുന്നതുവരെ അവൾ മുന്നോട്ടുപോയി. ഒടുവിൽ അലങ്കരിച്ച മേശയും പിറന്നാൾ കേക്കും മറ്റ് ആഘോഷസജ്ജീകരണങ്ങളും ഒരുക്കിയിരുന്ന സ്ഥലത്താണ് കുട്ടി എത്തിയത്. കുടുംബം ഏറെ ആലോചിച്ച് തയ്യാറാക്കിയ ഈ സർപ്രൈസ് മുഴുവൻ വീഡിയോയിൽ പകർത്തുകയും ചെയ്തു.
വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് കുട്ടിയുടെ സന്തോഷവും കുടുംബത്തിന്റെ സ്നേഹപൂർവമായ ഒരുക്കവും പ്രശംസിച്ച് രംഗത്തെത്തിയത്. വിലകൂടിയ ആഘോഷങ്ങളേക്കാൾ ഇത്തരം ചെറിയ സ്നേഹപ്രകടനങ്ങളാണ് കുട്ടികളുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന ഓർമകളായി മാറുന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. “ഇത് അവൾ ജീവിതകാലം മുഴുവൻ ഓർക്കും” എന്ന തരത്തിലുള്ള പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചു.







Comments