കാഠ്മണ്ഡു: വിദേശ രാജ്യങ്ങള്‍ക്കു പുറമേ വിവിധ വിദേശ സംഘടനകള്‍ സഹായം നല്‍കുന്നതിലും നേപ്പാള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നേപ്പാള്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ മാത്രമേ സാമ്പത്തിക സഹായം നല്‍കാവൂ എന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി ഏക ജാലക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷായും മന്ത്രിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ തീരുമാനം അറിയിച്ചത്.
അതേസമയം, നേപ്പാള്‍ ഭരണകൂടത്തിന്റെ തീരുമാനം അംഗീകരിച്ച നിലയിലാണ് കഴിഞ്ഞ ദിവസം ഇന്ത്യയും പ്രതികരിച്ചത്. നേപ്പാള്‍ എന്ത് അഭ്യര്‍ഥന നടത്തിയാലും അതിനായി തങ്ങള്‍ പ്രവര്‍ത്തിക്കും എന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചത്. ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തില്‍ നൂറോളം പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ടണല്‍ വിദഗ്ധരുടെ സംഘത്തെ അയക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വെള്ളിയാഴ്ച വ്യക്തമാക്കി. നേപ്പാളില്‍നിന്ന് ഡല്‍ഹിയിലെത്തിയ 21 അംഗ സംഘത്തെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയശങ്കര്‍. നേപ്പാളിന് ആവശ്യമുണ്ടെങ്കില്‍ എന്‍.ഡി.ആര്.എഫ് സംഘത്തെയും അയക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനകം രണ്ട് വിമാനങ്ങളില്‍ ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






Comments