
കാഠ്മണ്ഡു: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി തങ്ങളുടെ സംഘങ്ങളെ അയക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും നിരസിച്ച് നേപ്പാള്‍. തങ്ങള്‍ക്ക് ഈ ദൗത്യം കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടെന്നാണ് നേപ്പാളിന്റെ വാദം. 2015-ലെ ഭൂകമ്പാനന്തര അനുഭവമാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്നു നിരവധി വിദേശ രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ എത്തിയത് ഏകോപനത്തിലും മാനേജ്മെന്റിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള സംഘങ്ങളുടെ ഏകോപനമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, ഗതാഗത സംവിധാനങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഇതൊഴിവാക്കാനാണു വിവിധ രാജ്യങ്ങളുടെ നേരിട്ടുള്ള രക്ഷാപ്രവര്‍ത്തന സഹായങ്ങള്‍ ഇക്കുറി നേപ്പാള്‍ നിരസിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനു നേരിട്ട് എത്തുന്നതിനു പകരം സാമ്പത്തിക സഹായങ്ങളും അവശ്യസാധനങ്ങളും വിദേശ രാജ്യങ്ങളില്‍നിന്നു സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ സ്വീകരിക്കാനാണ് നേപ്പാള്‍ താല്പര്യപ്പെടുന്നത്. പുനരധിവാസ, പുനര്‍നിര്‍മ്മാണ ഘട്ടങ്ങളില്‍ കൂടുതല്‍ രാജ്യാന്തര പിന്തുണ തേടുമെന്ന് നേപ്പാള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ നേപ്പാളിലും ടിബറ്റ് അതിര്‍ത്തി പ്രദേശങ്ങളിലുമുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 579 കടന്നു. രണ്ടിടങ്ങളിലുമായി 1,500-ലധികം ആളുകളെ കാണാതായിട്ടുണ്ട്. ഇതില്‍ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇതുവരെ 3,742 പേരെ രക്ഷപ്പെടുത്തിയതായാണു വിവരം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.
2015-ലെ ഭൂകമ്പത്തിനുശേഷം നേപ്പാള്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ ദിവസമുണ്ടായത്. പ്രളയബാധിത പ്രദേശങ്ങളിലുണ്ടായിരുന്ന എണ്‍പത്തഞ്ചിലധികം പൗരന്മാരെ ഇന്ത്യ സുരക്ഷിതമായി തിരിച്ചെത്തിച്ചിട്ടുണ്ട്. അതേസമയം, മലയാളികളടക്കം 320 ഇന്ത്യക്കാരെയും 100 ഇന്ത്യന്‍ വംശജരെയും ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എട്ട് മലയാളികളെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും നോര്‍ക്ക അധികൃതര്‍ അറിയിച്ചു. ഓസ്ട്രേലിയന്‍ മലയാളികളായ നാലുപേരടക്കം എട്ട് പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നും നോര്‍ക്ക വ്യക്തമാക്കി.
ടിബറ്റന്‍ മേഖലയില്‍ കുടുങ്ങിയ 96 ഇന്ത്യക്കാര്‍ സുരക്ഷിതരായി നേപ്പാള്‍ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന 63 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. പ്രളയത്തില്‍ എത്ര ഇന്ത്യക്കാര്‍ മരിച്ചെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ വിവരമില്ലെന്നും തുരങ്കങ്ങളില്‍ തടസപ്പെട്ടവരെ കണ്ടെത്താന്‍ പ്രത്യേക വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
ഹിമാലയന്‍ മേഖലയില്‍ ഹിമാനി തകര്ന്നുവീണതിനെത്തുടര്ന്നാണ് വന്‍തോതില്‍ മലവെള്ളപ്പാച്ചിലും പ്രളയവുമുണ്ടായത്. ടിബറ്റ് ഭാഗത്ത് 550 ലേറെ ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ കണക്കുകള്‍. മരണസംഖ്യ ഇനിയും കൂടാനാണു സാധ്യത. മൂന്നാം ദിവസമായ ഇന്നലെ 14,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനങ്ങളും തുടരുകയാണ്. വെള്ളപ്പൊക്ക ഭീഷണി ഇപ്പോഴും നിലവിലുള്ളതിനാല്‍ പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ടിബറ്റ് മേഖലയിലെ ജിറോങ് അതിര്‍ത്തിക്കു സമീപം ഡാം തകര്‍ന്നതുമൂലം ജലനിരപ്പ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഈ ഭാഗത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നദീതീരത്തുള്ളവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ കര്‍ശനമായ നിര്‍ദ്ദേശവുമുണ്ട്.






Comments