
ഓസ്ലോ: നോര്‍വേയിലെ ഹരാള്‍ഡ് അഞ്ചാമന് രാജാവ് അന്തരിച്ചു. 89 ാം വയസിലായിരുന്നു അന്ത്യം. യൂറോപ്പില്‍ നിലവിലിരുന്ന ഭരണാധികാരികളില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഹരാള്‍ഡ്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അന്ത്യമെന്നാണ് കൊട്ടാരം ഔദ്യോഗികമായി പുറത്ത് വിട്ട പ്രസ്താവനയില്‍ വിശദമാക്കുന്നത്. 1937 ലാണ് ഹാരാള്‍ഡ് ജനിക്കുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ജര്‍മ്മനി, നോര്‍വേയെ ആക്രമിക്കുമ്പോള്‍ മൂന്ന് വയസ്സുള്ള കുട്ടിയായിരുന്നു. യുദ്ധകാലത്ത് അച്ഛന് ഓലാവ് രാജകുമാരനും മുത്തശ്ശന് ഹാക്കോണ്‍ ഏഴാമന് രാജാവും ലണ്ടനിലിരുന്നാണ് രാജ്യത്തെ നയിച്ചത്.
ഹരാള്‍ഡ് തന്റെ ബാല്യകാലത്തിന്റെ ഒരു ഭാഗം അമേരിക്കയിലാണ് അഭയാര്‍ത്ഥിയായി കഴിഞ്ഞത്. യുദ്ധത്തിനുശേഷം നോര്‍വേയില്‍ തിരിച്ചെത്തിയ അദ്ദേഹം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി.
1968ല്‍ സാധാരണക്കാരിയായ സോന്‍ജയെ അദ്ദേഹം വിവാഹം കഴിച്ചു. സോന്‍ജയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതനായി തുടരുമെന്ന അദ്ദേഹത്തിന്റെ ദൃഢനിശ്ചയമാണ് രാജകുടുംബത്തിന്റെ പരമ്പരാഗതമായ വിവാഹ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ വഴിതുറന്നത്. 1991 ജനുവരി 21ന് പിതാവ് ഓലാവ് അഞ്ചാമന് രാജാവിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഹരാള്‍ഡ് അഞ്ചാമന് സിംഹാസനത്തിലേറിയത്. എല്ലാം നോര്‍വേയ്ക്ക് വേണ്ടി എന്ന രാജകീയ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം, നോര്‍വീജിയന്‍ ജനതയുടെ സ്നേഹവും ബഹുമാനവും നേടിയ രാജാവ് കൂടിയാണ്. 2011 ല്‍ 77 പേരുടെ ജീവനെടുത്ത ഒസ്ലോ ഭീകരാക്രമണത്തിന് ശേഷം, 'ഭയത്തേക്കാള്‍ വലുതാണ് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമുള്ള നമ്മുടെ വിശ്വാസ'മെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ കൈപിടിച്ചുയര്‍ത്തി.
അവസാന കാലഘട്ടങ്ങളില്‍ ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും അണുബാധയെ തുടര്‍ന്നുള്ള ആശുപത്രിവാസവും നേരിടേണ്ടി വന്നിരുന്നെങ്കിലും, മരണം വരെ രാജ്യത്തെ സേവിക്കുമെന്ന പ്രതിജ്ഞയില്‍ ഉറച്ചുനിന്നുകൊണ്ട് സ്ഥാനമൊഴിയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തോടെ മകനായ ഹാക്കോണ്‍ നോര്‍വേയുടെ പുതിയ രാജാവായി ചുമതലയേല്‍ക്കും.






Comments