
ഓസ്ലോ: ഹരാള്‍ഡ് രാജാവിന്റെ വിയോഗത്തോടെ കിരീടാവകാശി ഹാക്കോണ്‍ രാജകുമാരന് അധികാരം ഏല്‍ക്കാനിരിക്കെ, ഭാര്യ മെറ്റെ-മാരിറ്റിനെ ചുറ്റിപ്പറ്റിയുള്ള മുന്‍കാല വിവാദങ്ങള്‍ വീണ്ടും സജീവമാകുന്നു. വിവാദ വ്യവസായിയും ലൈംഗീക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി മെറ്റെ-മാരിറ്റിനുണ്ടായിരുന്ന അടുപ്പമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
നേരത്തെ ഈ വിഷയത്തില്‍ മെറ്റെ-മാരിറ്റ് മാപ്പ് ചോദിച്ചിരുന്നെങ്കിലും, അധികാര കൈമാറ്റ വേളയില്‍ ഇത് രാജകുടുംബത്തിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. രാജാവിന്റെ നിര്യാണത്തില്‍ രാജ്യം ദുഃഖാചരണത്തിലാണെങ്കിലും, വരും ദിവസങ്ങളില്‍ കൊട്ടാരത്തിന്റെ ജനപ്രീതിയെയും രാജവാഴ്ചയുടെ ഭാവിയെയും ഈ വിവാദങ്ങള്‍ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ മെറ്റെ-മാരിറ്റും ജെഫ്രി എപ്സ്റ്റീനും തമ്മില്‍ 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നിരന്തരം ഇമെയില്‍ ആശയവിനിമയം നടത്തിയിരുന്നതായും എപ്സ്റ്റീന്റെ വസതി സന്ദര്‍ശിച്ചിരുന്നതായും വെളിപ്പെട്ടിരുന്നു.
ഇതിന് പുറമെ മെറ്റെ-മാരിറ്റിന്റെ ആദ്യ വിവാഹത്തിലെ മകന് മാരിയസ് ബോര്‍ഗ് ഹോയ്ബിക്കെതിരായ ക്രിമിനല്‍ കേസുകളും കോടതി വിധികളും കൊട്ടാരത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.
തുടര്‍ച്ചയായ വിവാദങ്ങള്‍ നോര്‍വേയിലെ രാജവാഴ്ചയോടുള്ള പൊതുജന പിന്തുണയില്‍ വലിയ ഇടിവ് വരുത്തിയതായി സമീപകാല അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. മെറ്റെ-മാരിറ്റ് ഭാവിയില്‍ നോര്‍വേയുടെ രാജ്ഞിയാകുന്നതിനെതിരേ രാജ്യത്തെ പകുതിയോളം ജനങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. അതിനാല്‍, പുതിയ അധികാര മാറ്റം നോര്‍വേ രാജകുടുംബത്തിന്റെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നത്.






Comments