
നടൻ വിജയ് സേതുപതിക്കൊപ്പമുള്ള പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മകനും നടനുമായ സൂര്യ സേതുപതി. ഇരുവരും ഒരുമിച്ച് ഫോണിൽ നോക്കി പുഞ്ചിരിക്കുന്ന ചിത്രമാണ് സൂര്യ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് നിരവധി പേരാണ് ചിത്രത്തിന് ലൈക്കുകളുമായും കമന്റുകളുമായും രംഗത്തെത്തിയിരിക്കുന്നത്.
മലയാളിയായ ജെസ്സിയാണ് വിജയ് സേതുപതിയുടെ ഭാര്യ. 2003-ലായിരുന്നു ഇവരുടെ വിവാഹം. സൂര്യയെ കൂടാതെ ശ്രീജ എന്നൊരു മകളും ഈ ദമ്പതികൾക്കുണ്ട്.
അച്ഛന്റെ പാത പിന്തുടർന്ന് അഭിനയരംഗത്ത് സജീവമാവുകയാണ് സൂര്യ സേതുപതി. പ്രമുഖ സ്റ്റണ്ട് മാസ്റ്റർ അനിൽ അരശുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഫീനിക്സ്' എന്ന ചിത്രത്തിലൂടെയായിരുന്നു സൂര്യയുടെ നായകനായുള്ള അരങ്ങേറ്റം. കഴിഞ്ഞ വർഷം ജൂലൈ നാലിന് തിയേറ്ററിലെത്തിയ ചിത്രത്തിൽ അഭിനക്ഷത്ര, ജെ. വിഘ്നേഷ്, സമ്പത്ത് രാജ്, ദേവദർശിനി തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
അധികാരമോഹികളായ വ്യക്തികൾക്കെതിരെ പോരാടുന്ന ഒരു യുവ ഗുസ്തിക്കാരന്റെ കഥയാണ് 'ഫീനിക്സ്' പറയുന്നത്. നായകനായി അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് പിതാവ് വിജയ് സേതുപതിയുടെ ചിത്രങ്ങളിലും സൂര്യ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.







Comments