
ഇരവിപേരൂര്‍: ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന കേസില്‍ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇരവിപേരൂര്‍ ചിറയില്‍ പടി കുടമലയില്‍ വൈശാഖ് ബാബു (29) , ചിറയില്‍ വീട്ടില്‍ ജോജു ജോണ്‍ എബ്രഹാം (35) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഇവരോടൊപ്പം ഇരുന്ന് മദ്യപിച്ച തിരുവല്ല ഇരവിപേരൂര്‍ സ്വദേശി കുളക്കാട്ടില്‍ താഴെക്കാലായില്‍ വീട്ടില്‍ ജൂവല്‍ ജോണ്‍ (35) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്‌ച രാവിലെ യാണ് കേസിന് ആസ്‌പദമായ സംഭവം ഉണ്ടായത്. സുഹൃത്തുക്കളായ മൂന്നുപേരും ജോജുവിന്റെ വീട്ടുമുറ്റത്ത് ഒന്നിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പിടിവലിയും അടിപിടിയും ഉണ്ടായി. വൈശാഖ് ജോജുവിനെയും ജുവലിനെയും പിടിവലിക്കിടെ കിണറ്റിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് ഒരു ഓട്ടോറിക്ഷയില്‍ വൈശാഖ് അവിടെ നിന്ന് രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ജോജുവിനെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയത്. എന്നാല്‍ കിണറ്റില്‍ വീണു കിടന്ന ജുവല്‍ ജോണിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ഓടിക്കൂടിയ നാട്ടുകാരെ ജോജു തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ കെ. എസ് ഗോപകുമാര്‍ , സബ് ഇന്‍സ്‌പെക്‌ടര്‍ റിയാസ് റഹീം , എ.എസ്.ഐ ,ജയകുമാര്‍ , സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥരായ ദീപു , പുഷ്‌പദാസ് , സി.പി.ഒ മാരായ വിമല്‍, സുദീപ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. അസ്വാഭാവിക ഭരണത്തിന് ആണ് ആദ്യം കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്. പിന്നീട് ഇത് കുറ്റകരമായ നരഹത്യ ആക്കി മാറ്റുകയും ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.







Comments