
വിമാനം പിടിക്കാനായി വിമാനത്താവളത്തിലെത്തിയാൽ ഇനി നേരിടേണ്ടത് ട്രാഫിക്കോ സുരക്ഷാ പരിശോധനയോ മാത്രമല്ല, വെള്ളക്കെട്ടും കൂടിയാണോ? കനത്ത മഴയ്ക്ക് പിന്നാലെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ വെള്ളക്കെട്ടാണ് യാത്രക്കാരെ അക്ഷരാർഥത്തിൽ കുടുക്കിയത്. ടെർമിനൽ 2, 3 എന്നിവിടങ്ങളിലേക്കുള്ള റോഡുകളും ഫോർകോർട്ട് ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ നിരവധി യാത്രക്കാർ ബുദ്ധിമുട്ടിലായി.
വെള്ളം കുറഞ്ഞശേഷം മാത്രം മുന്നോട്ട് പോകാനാകുമെന്ന അവസ്ഥയിലായിരുന്നു പലരും. മാൻസി എന്ന യാത്രക്കാരി ഏകദേശം അരമണിക്കൂറോളം വിമാനത്താവളത്തിന് പുറത്ത് വെള്ളം ഇറങ്ങുന്നതും കാത്തുനിന്നു. “ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ല” എന്നായിരുന്നു അവരുടെ പ്രതികരണം. വിമാനത്താവളത്തിലെത്തിയിട്ടും വെള്ളക്കെട്ട് കാരണം അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.
വിമാനത്താവളത്തിൽ മൂന്ന് വർഷമായി ജോലി ചെയ്യുന്ന ഗോവിന്ദ പാണ്ഡെയും ഇത്രയും വെള്ളം കെട്ടിക്കിടക്കുന്നത് ആദ്യമായാണ് കാണുന്നതെന്ന് പറഞ്ഞു. ഡ്രെയിനേജ് സംവിധാനത്തിലെ പ്രശ്നമാകാം വെള്ളക്കെട്ടിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ സംശയം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിമാനത്താവളത്തിന്റെ നിർമാണവും ഡ്രെയിനേജ് സംവിധാനവും ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിലും നിരവധി പേരാണ് രംഗത്തെത്തിയത്.
അതേസമയം, കനത്ത മഴയെ തുടർന്ന് ടെർമിനൽ 2, 3 എന്നിവിടങ്ങളിലേക്കുള്ള സമീപ റോഡുകളിലും ഫോർകോർട്ട് പ്രദേശങ്ങളിലും വെള്ളം കെട്ടിയെങ്കിലും പിന്നീട് അത് നീക്കം ചെയ്തതായി ഡൽഹി വിമാനത്താവളം അറിയിച്ചു. സെപ്റ്റംബർ 4 ന് തലസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. പാലം മേഖലയിൽ 75.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ വിമാനത്താവളത്തെ വസന്ത് കുഞ്ചുമായി ബന്ധിപ്പിക്കുന്ന അണ്ടർപാസും പൂർണമായി വെള്ളത്തിൽ മുങ്ങിയിരുന്നു.







Comments