
ടെഹ്റാൻ: ഖാർഗ് ദ്വീപിന് സമീപം ഇറാന്റെ എണ്ണക്കപ്പലിന് നേരെ മിസൈലാക്രമണം നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് തൊടുത്തുവിട്ട നാല് മിസൈലുകൾ ഏറ്റ് തകർന്ന കപ്പൽ നിലവിൽ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് 'ഖബർ ഫൂരി' മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റുഡന്റ്സ് ന്യൂസ് നെറ്റ്വർക്ക് ആണ് ഖാർഗ് ദ്വീപിന് സമീപമുള്ള ഇറാനിയൻ കപ്പലിന് മിസൈലേറ്റ വിവരം ആദ്യം പുറത്തുവിട്ടത്. നിലവിലുള്ള യുദ്ധസാഹചര്യത്തിൽ ഊർജ വിപണിയെ സാരമായി ബാധിക്കാവുന്ന സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കപ്പലിന്റെ വിവരങ്ങളോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഈ അവകാശവാദങ്ങൾ ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ലാത്തതോടൊപ്പം, യുഎസ് നേവിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
ഇറാന്റെ എണ്ണ കയറ്റുമതിയിൽ നിർണ്ണായക പങ്കുവഹിക്കുന്ന മേഖലയാണ് ഖാർഗ് ദ്വീപ്. രാജ്യത്തിന്റെ അസംസ്കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ ദ്വീപിലൂടെയാണ്. അതിനാൽ ഈ പ്രദേശത്തുണ്ടാകുന്ന ഏത് ആക്രമണവും ഇറാന്റെ എണ്ണ കയറ്റുമതിയെയും ആഗോള ഊ വിപണിയെയും ഗുരുതരമായി ബാധിച്ചേക്കാം. ഹോർമുസ് കടലിടുക്കിന് സമീപം സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ പുതിയ സംഭവം.







Comments