
കെയ്റോ: ഈജിപ്തിൽ മയക്കുമരുന്ന് കേസിൽ പ്രതികളായ ടെലിവിഷൻ അവതാരക ഉൾപ്പെടെ 12 പേർക്ക് തൂക്കുകയർ. കുറ്റകൃത്യങ്ങളും സുരക്ഷാ വിഷയങ്ങളും ആസ്പദമാക്കി അവതരിപ്പിച്ചിരുന്ന മിഷന് ഇംപോസിബിള് എന്ന ടെലിവിഷന് പരിപാടിയിലൂടെയാണ് ജനശ്രദ്ധ നേടിയ സാറ ഖലീഫയേയും മറ്റ് 11 പേരെയുമാണ് കെയ്റോ കോടതി തൂക്കിക്കൊല്ലാന് വിധിച്ചത്.
സിന്തറ്റിക് മയക്കുമരുന്നുകള് നിര്മ്മിക്കുന്നതിനായി വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കള് ഇറക്കുമതി ചെയ്യുന്നതിനായി പ്രതികള് സംഘടിത ക്രിമിനല് സംഘം രൂപീകരിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. എന്നാല് തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സാറ ഖലീഫ നിഷേധിച്ചു. ആകെ പ്രതികളായവരില് ഒമ്പത് പേര്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചപ്പോള് ഏഴ് പേരെ കോടതി കുറ്റവിമുക്തരാക്കി. ഇതുകൂടാതെ ഒരു കോസ്മെറ്റിക് സര്ജറി ക്ലിനിക്കും പാര്ട്ടി ഇവന്റുകള് സംഘടിപ്പിക്കുന്ന പ്രൊഡക്ഷന് കമ്പനിയും സ്വന്തമായി നടത്തുന്ന വ്യക്തി കൂടിയാണ് സാറ ഖലീഫ.അന്വേഷണത്തിനിടെ 750 കിലോയിലധികം മയക്കുമരുന്നും ഇവ നിര്മ്മിക്കാന് ഉപയോഗിക്കുന്ന വസ്തുക്കളും അധികൃതര് പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് നിര്മ്മാണ ലാബുകളായി ഉപയോഗിച്ചിരുന്ന രണ്ട് അപ്പാര്ട്ട്മെന്റുകളും ലൈസന്സില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും പോലീസ് കണ്ടെത്തിയിരുന്നു.
ആന്റി-നാര്ക്കോട്ടിക് അതോറിറ്റിയുടെ ഓഫീസില് വെച്ച് മയക്കുമരുന്നിനൊപ്പം ഫോട്ടോ എടുത്തപ്പോള് മാത്രമാണ് താന് ജീവിതത്തില് ആദ്യമായി മയക്കുമരുന്ന് കണ്ടതെന്ന് കഴിഞ്ഞ സെപ്റ്റംബറില് കോടതിയില് ഹാജരാക്കിയപ്പോള് ഇവര് ജഡ്ജിയോട് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും 20 സാക്ഷികളുടെ മൊഴികളും സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഉള്പ്പെടുന്ന സാങ്കേതിക, ഡിജിറ്റല് തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷന് കേസ് മുന്നോട്ട് കൊണ്ടുപോയത്.
2025 ഏപ്രിലില് കെയ്റോയില് വെച്ചാണ് കേസിനാസ്പദമായ അന്വേഷണവുമായി ബന്ധപ്പെട്ട് സാറ അറസ്റ്റിലാകുന്നത്. ഈജിപ്ഷ്യന് നിയമപ്രകാരം വധശിക്ഷ വിധിക്കുന്ന കേസുകളില് അന്തിമവിധിക്ക് മുമ്പ് ഈജിപ്തിലെ ഗ്രാന്ഡ് മുഫ്തിയുടെ അഭിപ്രായത്തിനായി കേസ് അയക്കാറുണ്ട്. ഇത്തരത്തില് മുഫ്തിക്ക് കേസ് കൈമാറിയ ശേഷമാണ് അന്തിമ വിധി പ്രഖ്യാപിച്ചത്.ആസൂത്രിത കൊലപാതകം, ഭീകരവാദം, പീഡനം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്ക്ക് ഈജിപ്തില് ഇപ്പോഴും വധശിക്ഷ നിലനില്ക്കുന്നുണ്ട്.



Comments