
ഇൻസ്റ്റഗ്രാം റീലിനായി ട്രാഫിക് നിയമങ്ങൾ അവഗണിച്ച് സ്കൂട്ടറിൽ അഞ്ച് പേർ യാത്ര ചെയ്ത വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു. ഛത്രപതി സംഭാജിനഗറിലെ പഞ്ചക്കിയിൽ നിന്ന് ഔറംഗപുരയിലേക്കുള്ള റോഡിലാണ് സംഭവം നടന്നത്. അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനം ഓടിച്ചെന്നാരോപിച്ച് അദ്നാൻ പത്താനെതിരെ കാന്റോൺമെന്റ് പോലീസ് കേസെടുത്തു. സെപ്റ്റംബർ ഒന്നിന് നടന്ന സംഭവത്തിൽ സെപ്റ്റംബർ നാലിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
വൈറലായ ദൃശ്യങ്ങളിൽ ഒരു സ്കൂട്ടറിൽ അഞ്ച് പേർ യാത്ര ചെയ്യുന്നതാണ് കാണുന്നത്. തിരക്കേറിയ റോഡിലൂടെ ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി ഇത്തരത്തിൽ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുന്നത് മറ്റ് വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വാഹന നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് നടപടി.
വീഡിയോ വൈറലായതിന് പിന്നാലെ സ്കൂട്ടർ ഓടിച്ചിരുന്ന അദ്നാൻ പത്താൻ ക്യാമറയ്ക്ക് മുന്നിൽ മാപ്പപേക്ഷിക്കുകയും ചെയ്തു. റീൽ ചിത്രീകരിക്കുന്നതിനിടെ തങ്ങൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചെന്നും അത് തെറ്റായിരുന്നെന്നും ഇയാൾ സമ്മതിച്ചു. തങ്ങളുടെ പ്രവൃത്തി തങ്ങൾക്കൊപ്പം റോഡിലുണ്ടായിരുന്ന പൊതുജനങ്ങളുടെ ജീവനും അപകടത്തിലാക്കിയെന്ന് വ്യക്തമാക്കിയ പത്താൻ, സംഭവത്തിൽ നിന്ന് തങ്ങൾക്ക് ലഭിച്ച ശിക്ഷ അംഗീകരിക്കുന്നതായും പറഞ്ഞു.
ഇനി ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്നും പത്താൻ ഉറപ്പുനൽകി. വാഹനത്തിൽ രണ്ടുപേരിൽ കൂടുതൽ യാത്ര ചെയ്യില്ലെന്നും ഹെൽമെറ്റ് ധരിച്ച് മാത്രമേ വാഹനമോടിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായി അപകടകരമായ റീലുകൾ ചിത്രീകരിക്കരുതെന്നും മറ്റുള്ളവരും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.







Comments