
സംസ്ഥാനത്തെ വൈദ്യുതി മുടക്കം തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിനെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ. വൈദ്യുതി വകുപ്പ് മന്ത്രിയെന്നതിന് പുറമെ ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയായ മന്ത്രി ജനങ്ങളോട് അൽപം മര്യാദ കാണിക്കണമെന്നും പവർകട്ടിന്റെ സമയം പൊതുജനങ്ങളെ അറിയിക്കാനുള്ള മാന്യത പ്രതീക്ഷിക്കുന്നുണ്ടെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് പിന്നിലെ ശാന്തിനഗർ കോളനിയിൽ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറോളം വൈദ്യുതി മുടങ്ങിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സെക്രട്ടറിയേറ്റിന് പിന്നിലെ പ്രദേശത്ത് പോലും ഇതാണ് സ്ഥിതിയെങ്കിൽ മറ്റ് സ്ഥലങ്ങളിലെ അവസ്ഥ പറയേണ്ടതില്ലെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;
ബഹുമാനപ്പെട്ട ശ്രീ. സണ്ണി ജോസഫ് , താങ്കൾ വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല ഭരണകക്ഷിയുടെ അദ്ധ്യക്ഷൻ കൂടിയാണ്. ഒരല്പം മര്യാദ പ്രജകളോട് കാണിക്കണം. പവർ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് പൊതുജനം. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പിന്നിലെ ശാന്തിനഗർ കോളനിയിൽ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറാണ് കറണ്ടുപോയത്. അപ്പോൾ പിന്നെ ബാക്കി സ്ഥലങ്ങളുടെ കാര്യം പറയാനില്ലല്ലോ.







Comments