
തിരുവനന്തപുരം: സംസ്ഥാനത്തെ സവാള വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 100 ടൺ സവാള എത്തിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. ആദ്യഘട്ടത്തിൽ 20 ടൺ സവാള എത്തി. ഇതിൽ 10 ടൺ മലബാർ മേഖലയിലും 10 ടൺ തെക്കൻ കേരളത്തിലും വിതരണം ചെയ്യും. കിലോയ്ക്ക് 35 രൂപ നിരക്കിലായിരിക്കും വിൽപ്പന.
സപ്ലൈകോ വഴിയും ഉടൻ സവാള വിതരണം ആരംഭിക്കും. വ്യാഴാഴ്ച 30 ടൺ സവാള കൂടി സംസ്ഥാനത്തെത്തും. പൊതുവിപണിയിൽ 80 രൂപവരെ എത്തിയിരുന്ന സവാള വില നിലവിൽ 65-70 രൂപയാണ്. വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ. കാസർകോട് ജില്ലയിൽ ഹോർട്ടികോർപ്പിന്റെ മൊബൈൽ യൂണിറ്റ് വഴിയും സവാള വിതരണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.
പച്ചക്കറി നൽകിയ കർഷകർക്ക് അന്നുതന്നെ രാത്രിയിലും തൊട്ടടുത്ത ദിവസവുമായി പണം നൽകിയതായി മന്ത്രി വ്യക്തമാക്കി. മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്നും KSDMA വിജ്ഞാപനം വന്നശേഷം നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിലെ നാളികേര മേഖലയെ പുനരുജ്ജീവിപ്പിച്ച് സമഗ്ര വികസനം ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുമെന്നും ടി. സിദ്ദിഖ് അറിയിച്ചു. ഒന്നാംഘട്ടത്തിൽ നാളികേര വികസന ബോർഡിന്റെ 500 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ 41 കോടി രൂപയും ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.







Comments