
പഞ്ചാബിലെ സിർക്പൂരിൽ വീൽചെയറിൽ സഞ്ചരിച്ചിരുന്നയാളിൽ നിന്ന് പണവും വിലപ്പെട്ട സാധനങ്ങളും കവർന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജാർനെയിൽ എൻക്ലേവിൽ ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. സ്ഥാപനത്തിലേക്ക് പോകുകയായിരുന്ന സുരേന്ദ്ര പാൽ എന്നയാളെയാണ് രണ്ട് യുവാക്കൾ ലക്ഷ്യമിട്ടത്.
മോട്ടോർസൈക്കിളിലെത്തിയ രണ്ട് യുവാക്കൾ സുരേന്ദ്ര പാലിനടുത്തേക്ക് എത്തുകയും അദ്ദേഹത്തിന്റെ പേഴ്സ് തട്ടിയെടുത്ത് അതിവേഗം രക്ഷപ്പെടുകയുമായിരുന്നു. ഏകദേശം 5,000 രൂപയും മൊബൈൽ ഫോണും ക്രെഡിറ്റ് കാർഡുകളും ബ്ലൂടൂത്ത് ഹെഡ്ഫോണും പാൻ കാർഡും മറ്റ് പ്രധാന രേഖകളും പേഴ്സിലുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. വീൽചെയറിൽ ആയിരുന്നിട്ടും കവർച്ചക്കാർക്ക് പിന്നാലെ പോകാൻ സുരേന്ദ്ര ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പ്രദേശത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പ്രതികളെയും അവർ രക്ഷപ്പെട്ട വഴിയും കണ്ടെത്താൻ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് സഹായകമാകുമെന്നാണ് കരുതുന്നത്. പകൽസമയത്ത് ജനവാസമേഖലയിൽ നടന്ന കവർച്ചയിൽ പ്രദേശവാസികളും ആശങ്ക പ്രകടിപ്പിച്ചു.
വീൽചെയറിൽ സഞ്ചരിച്ചിരുന്നയാളെ പോലും പകൽസമയത്ത് ലക്ഷ്യമിട്ട സംഭവം സിർക്പൂരിലെ സുരക്ഷയെക്കുറിച്ചും പൊലീസ് പട്രോളിങ്ങിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്ര പൊലീസ് സമീപിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.







Comments