
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്തി രേഖപ്പെടുത്തി പിഎസ്സി അംഗങ്ങൾ. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകേണ്ടതില്ലെന്നാണ് അംഗങ്ങളുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഐജിക്ക് പിഎസ്സി കത്ത് നൽകി.
15 മുതൽ പിഎസ്സി ആസ്ഥാനത്ത് എപ്പോൾ വേണമെങ്കിലും മൊഴിയെടുക്കാമെന്നാണ് കത്തിലെ നിർദേശം. അംഗങ്ങളുടെ മുറിയിൽവച്ച് തന്നെ മൊഴി രേഖപ്പെടുത്താമെന്നും പിഎസ്സി വ്യക്തമാക്കി.
പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനമായി.
അതേസമയം, ചോദ്യം ചെയ്യൽ എവിടെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് നിയമവൃത്തങ്ങളുടെ നിലപാട്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയിലെ അംഗങ്ങൾക്ക് ക്രിമിനൽ ചട്ടപ്രകാരം പ്രത്യേക പരിരക്ഷയില്ലെന്നും നിയമവൃത്തങ്ങൾ വ്യക്തമാക്കി.
15 മുതൽ പിഎസ്സി അംഗങ്ങളുടെ മൊഴിയെടുക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണസംഘത്തിലെ എസ്.പി. സഖറിയയാണ് നോട്ടീസ് നൽകിയത്. അംഗങ്ങളുടെ മൊഴിയെടുത്ത ശേഷം ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് പിഎസ്സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്കാണ് വീഴ്ച സംഭവിച്ചതെന്നാണ് കണ്ടെത്തൽ.







Comments