
ജോലിസ്ഥലത്ത് ജീവനക്കാരോട് സൗഹൃദപരമായി പെരുമാറുന്ന ബോസ് ആകുന്നതാണ് നല്ലതെന്ന് പലരും കരുതാറുണ്ട്. എന്നാൽ അമിതമായ സൗഹൃദവും സ്വാതന്ത്ര്യവും തിരിച്ചടിയായ അനുഭവമാണ് പങ്കുവെച്ച് ഒരു മാനേജർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. “ഒരിക്കലും കൂൾ ബോസ് ആകരുത്” എന്നാണ് ഹെമന്ത് വാധ്വാനി മറ്റ് മാനേജർമാർക്ക് നൽകിയ മുന്നറിയിപ്പ്.
മുൻ ജോലിസ്ഥലത്ത് ഒരു ടീമിനെ മാനേജ് ചെയ്തിരുന്ന സമയത്ത്, താൻ ജൂനിയർ ജീവനക്കാർക്ക് തങ്ങളേക്കാൾ മുകളിലുള്ള ആളെന്ന തോന്നൽ ഉണ്ടാകരുതെന്നാണ് ആഗ്രഹിച്ചിരുന്നതെന്ന് ഹെമന്ത് പറഞ്ഞു. അതിനാൽ ടീമിന് വലിയ തോതിൽ സ്വാതന്ത്ര്യവും ഇളവുകളും നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ സമീപനം തന്നെ പ്രശ്നങ്ങൾക്ക് കാരണമായെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
അമിതമായ ഇളവുകൾ നൽകിയതോടെ ചിലർ അതിനെ ദുരുപയോഗം ചെയ്യാൻ തുടങ്ങിയെന്നും, മാനേജർ എന്ന നിലയിലുള്ള തന്റെ അധികാരം തന്നെ അതിലൂടെ ദുർബലമായെന്നും ഹെമന്ത് പറയുന്നു. മാനേജരും ജീവനക്കാരും തമ്മിൽ വ്യക്തമായ അതിരുകൾ ഉണ്ടായിരിക്കണമെന്നും, അധികം സ്വാതന്ത്ര്യം നൽകുന്നത് ചിലപ്പോൾ തിരിച്ചടിയാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലർ അവസരം മുതലെടുത്ത് പിന്നിൽ നിന്ന് തിരിച്ചടിക്കുന്ന സാഹചര്യം വരെ ഉണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹെമന്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ മാനേജരും ജീവനക്കാരും തമ്മിലുള്ള ബന്ധത്തിൽ എത്രത്തോളം സൗഹൃദം വേണമെന്ന ചർച്ചയും സജീവമായി. പ്രൊഫഷണൽ അതിരുകൾ നിലനിർത്തുന്നത് പ്രധാനമാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, സൗഹൃദപരമായ സമീപനവും പ്രൊഫഷണലിസവും ഒരുമിച്ച് കൊണ്ടുപോകാനാകുമെന്നായിരുന്നു മറ്റുചിലരുടെ നിലപാട്. തന്റെ വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഹെമന്തിന്റെ വാദങ്ങളെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.







Comments