
ചെന്നൈ: വിദേശ നിക്ഷേപം ആകർഷിക്കാനല്ല, സുഹൃത്ത് അജിത്തിന്റെ കാർ റേസിൽ പങ്കെടുക്കുകയാണ് വിജയ്യുടെ യുകെ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന ഡിഎംകെയുടെ വിമർശനം ടിവികെ തള്ളിക്കളഞ്ഞു. സന്ദർശനത്തിനിടയിൽ സുഹൃത്തിനെ കാണുന്നത് അനുചിതമല്ലെന്നും പാർട്ടി വ്യക്തമാക്കി.
യുണൈറ്റഡ് കിങ്ഡത്തിലെ സിൽവർസ്റ്റോണിൽ നടന്ന 2026 ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടിൽ നടനും മോട്ടോർസ്പോർട്ട് താരവുമായ അജിത് കുമാർ ട്രാക്കിലിറങ്ങിയപ്പോൾ റേസ് ആരംഭിക്കാൻ വിജയ് ഔദ്യോഗിക പച്ചക്കൊടി വീശിയ ചിത്രങ്ങൾ വൈറലായതോടെയാണ് വിമർശനവുമായി ഡിഎംകെ രംഗത്തുവന്നത്. അതേസമയം, മോട്ടോർ സ്പോർട്സ് അടിസ്ഥാന സൗകര്യങ്ങൾ, സ്പോർട്സ് ടൂറിസം, അനുബന്ധ സ്പെഷ്യലിസ്റ്റ് ഓട്ടോമോട്ടീവ് വ്യവസായങ്ങൾ എന്നിവയുടെ സാധ്യതകൾ പരിശോധിക്കാൻ ഈ സന്ദർശനം അവസരമൊരുക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി ഔദ്യോഗിക കൃത്യനിർവഹണം നടത്തുകയാണെന്നും ഒരു സന്ദർശനത്തിനിടെ സുഹൃത്തിനെ സന്ദർശിക്കുന്നത് അനുചിതമല്ല എന്നും ടിവികെ പറഞ്ഞു. അജിത് തമിഴ്നാട്ടിൽ മാത്രമല്ല, റേസിംഗ് സർക്കിളിലും ഒരു സ്റ്റാർ ആണ്. ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി അതുപോലെയുള്ള ഒരു വ്യക്തിയെ കാണാൻ പോകുമ്പോൾ അത് 'ബ്രാൻഡ് തമിഴ്നാട്ടിന്റെ' മൂല്യം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഡിഎംകെ നിരാശമൂലമാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും ടിവികെ നേതൃത്വം പറഞ്ഞു.
സിൽവർസ്റ്റോണിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രിക്ക് അജിത്തും നന്ദി പറഞ്ഞു."തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് സമയം കണ്ടെത്തി സിൽവർസ്റ്റോണിൽ ഞങ്ങളെ സന്ദർശിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് നന്ദി പറയുന്നുവെന്ന് റേസിന് മുമ്പ് മാധ്യമപ്രവർത്തകരോട് അജിത് പറഞ്ഞു. ചെന്നൈയിൽ ഇതുപോലുള്ള ഇവന്റുകൾ കൊണ്ടുവരാൻ എന്ത് അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്സും ആവശ്യമാണെന്ന് അദ്ദേഹത്തിന് നേരിട്ട് കാണാൻ കഴിയുന്നതിനാണ് ഞങ്ങൾ ക്ഷണിച്ചത്. അധികം വൈകാതെ ഇന്ത്യയിൽ നമ്മൾ എല്ലാവരും സ്വന്തം നാട്ടിൽ റേസ് ചെയ്യുന്നത് കാണാനാണ് എന്റെ ആഗ്രഹം," അദ്ദേഹം പറഞ്ഞു.







Comments