
കാട്ടുപന്നികൾക്കെതിരെ നടപടി; നാഗലശ്ശേരിയിൽ 70 ഓളം പന്നികളെ വെടിവെച്ചുകൊന്നു
പാലക്കാട്: നാഗലശ്ശേരിയിൽ കൃഷിക്കും ജനജീവിതത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ഗ്രാമപഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും മേൽനോട്ടത്തിലായിരുന്നു നടപടി. പഞ്ചായത്തിന്റെ വിവിധ മേഖലകളിലായി നാലു ഘട്ടങ്ങളിലായി നടത്തിയ വേട്ടയിൽ ഇതുവരെ 70 ഓളം കാട്ടുപന്നികളെയാണ് കൊന്നത്.
നാഗലശ്ശേരി പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമായിരുന്നു. നെൽകൃഷിയുൾപ്പെടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ കർഷകരിൽ നിന്ന് നിരന്തര പരാതികളും ഉയർന്നിരുന്നു. ഇതോടെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിൽ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.
ഫോറസ്റ്റ് എംപാനൽ ഷൂട്ടർ പെരിന്തൽമണ്ണ സക്കീർ ഹുസൈന്റെ നേതൃത്വത്തിലായിരുന്നു വേട്ട. അവസാന ഘട്ടത്തിൽ 16 പന്നികളെയാണ് വെടിവെച്ച് കൊന്നത്. ഇതോടെ നാലു ഘട്ടങ്ങളിലായി കൊല്ലപ്പെട്ട കാട്ടുപന്നികളുടെ എണ്ണം 70 ഓളമായി.
വെടിവെച്ച് കൊന്ന പന്നികളെ ഫോറസ്റ്റ് അധികൃതരുടെ മേൽനോട്ടത്തിൽ സംസ്കരിച്ചു. കാട്ടുപന്നിശല്യം തുടർന്നാൽ കൃഷിനാശം ഉണ്ടാക്കുന്ന പന്നികളെ കൊല്ലുന്നതിനുള്ള നടപടികൾ തുടരുമെന്നാണ് പഞ്ചായത്ത് തീരുമാനം.







Comments