
റിയാദ്: ഇസ്ളാമികളുടെ വിശുദ്ധകേന്ദ്രമായ മക്കയ്ക്ക് നേരെ ആക്രമണശ്രമം നടന്നതായി ആരോപണവുമായി സൗദി അറേബ്യ. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായും ഡ്രോണുകള് തകര്ത്തതായും അവകാശപ്പെട്ടു. ഹൂതി വിമതര്ക്ക് നേരെയാണ് ആരോപണം. എന്നാല് ഇറാന് അനുകൂല വിമതര് ഈ ആരോപണം നിഷേധിച്ചു.
തെക്ക് ഭാഗത്ത് ചൊവ്വാഴ്ച വ്യോമ പ്രതിരോധ സംവിധാനം വഴി ഹൂതി ഡ്രോണ് തടഞ്ഞുനശിപ്പിച്ചതായിട്ടാണ് സൗദി അറേബ്യ അവകാശവാദം ഉന്നയിച്ചത്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില് സൗദി അറേബ്യയിലേക്കുള്ള യാത്ര പുനഃപരിശോധിക്കാന് യു.എസ് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. ആക്രമണത്തെ ഇസ്ളാമിക സംഘടനകള് അപലപിച്ചിട്ടുണ്ട്. വിമത ഗ്രൂപ്പ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
മക്കയ്ക്ക് നേരെ ആക്രമണം നടത്തിയെന്ന സൗദി അവകാശവാദം ഒരു 'നുണ'യാണെന്ന് ഹൂതി പറഞ്ഞു. പുണ്യനഗരത്തിന്റെ നിരോധിത വ്യോമാതിര്ത്തിയിലേക്ക് കടക്കുന്നതിന് മുന്പ് ചൊവ്വാഴ്ച മക്കയ്ക്ക് തെക്ക് ഭാഗത്തുവെച്ച് സൗദി വ്യോമ പ്രതിരോധ സേന ഹൂതി ഡ്രോണ് തടഞ്ഞുനശിപ്പിച്ചതായി യെമനിലെ ഇറാന് അനുകൂല ഹൂതികള്ക്കെതിരെ പോരാടുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേന വക്താവ് അറിയിച്ചു.
ഹൂതികള്ക്കെതിരെ സഖ്യസേന ആവശ്യമായ പ്രതിരോധ നടപടികള് സ്വീകരിക്കുമെന്നും കൂട്ടിച്ചേര്ത്തു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള് പവിത്രമായി കരുതുന്ന ആരാധനാലയങ്ങള് സ്ഥിതി ചെയ്യുന്ന മക്ക, ഇസ്ലാമിലെ ഏറ്റവും പുണ്യമേറിയ നഗരമാണ്. ദശലക്ഷക്കണക്കിന് മുസ്ലീങ്ങള് വര്ഷം തോറും അനുഷ്ഠിക്കുന്ന വാര്ഷിക ഹജ്ജ് കര്മ്മത്തിന്റെ കേന്ദ്രബിന്ദുവുമാണിത്.
2017 ജൂലൈയില് ഒരു മിസൈല് തൊടുത്തുവിട്ടതിന് ശേഷം മക്കയെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ രണ്ടാമത്തെ ശ്രമമാണിതെന്ന് സൗദി പറഞ്ഞു. യെമനിലെ ഹൂതി വിമതരുടെ ഡ്രോണ്, മിസൈല് ആക്രമണങ്ങളില് രാജ്യത്തിന്റെ തെക്ക് ഭാഗത്ത് 13 പേര്ക്ക് പരിക്കേറ്റതിന് പിന്നാലെ, ആക്രമണങ്ങള്ക്ക് 'ശക്തമായ' തിരിച്ചടി നല്കുമെന്ന് സൗദി നേരത്തേ പറഞ്ഞിരുന്നു.







Comments