
ലണ്ടൻ: വിജയ്യുടെ ലണ്ടൻ പരിപാടി സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി. പൊതുസുരക്ഷ മുൻനിർത്തി പരിപാടി റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ടീമിലെ അംഗം അറിയിച്ചു. പെട്ടെന്നുള്ള റദ്ദാക്കൽ മണിക്കൂറുകളോളം വരിനിൽക്കുകയായിരുന്ന നിരവധി ആരാധകരെ നിരാശരാക്കി. പൊതുസുരക്ഷയെ കരുതി പരിപാടി റദ്ദാക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ അനുമതി ലഭിക്കാത്തതാണ് കാരണമെന്നും മുഖ്യമന്ത്രിയുടെ ടീമിലെ അംഗം ഉച്ചഭാഷിണിയിലൂടെ അറിയിച്ചപ്പോൾ നിരാശരായ ജനക്കൂട്ടം പിരിഞ്ഞുപോയി.
ലണ്ടനിലെ ഏറ്റവും ഉയർന്ന കെട്ടിടമായ 'ദി ഷാർഡിന്' (The Shard) പുറത്ത് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ ഒരു നോക്ക് കാണാൻ നൂറുകണക്കിന് ആരാധകർ ചൊവ്വാഴ്ച തടിച്ചുകൂടി. എന്നാൽ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ ഇടപെടലിനെത്തുടർന്ന് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പരിപാടി റദ്ദാക്കുകയാണുണ്ടായത്. നടനും രാഷ്ട്രീയനേതാവുമായ വിജയ് താമസിക്കുന്ന ഹോട്ടലിന് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്ന യുവ ആരാധകൻ പ്രതികരിച്ചത് ഇങ്ങനെ: "ഇത് ന്യായമാണെന്ന് ഞാൻ കരുതുന്നു, എങ്കിലും ഇത്രയധികം ആളുകൾ കാത്തുനിൽക്കുകയായിരുന്നല്ലോ. തമിഴ്നാട്ടിൽ നമ്മൾ കാണുന്ന തരത്തിലുള്ള ജനക്കൂട്ടമല്ല ഇത്."
തമിഴ്നാട്ടിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായുള്ള ഒരു സംസ്ഥാന പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയാണ് വിജയ് യുകെ സന്ദർശിക്കുന്നത്. ഈ സന്ദർശനത്തിനിടയിൽ ഏകദേശം 12,300 കോടി രൂപയുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിരവധി ധാരണാപത്രങ്ങളിൽ പ്രതിനിധി സംഘം ഒപ്പുവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
തമിഴ്നാടിനെ ഏഷ്യയിലെ മുൻനിര അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് ആൻഡ് ടെക്നോളജി ഹബ്ബായി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഈ നിക്ഷേപ പദ്ധതിയിലൂടെ സംസ്ഥാനത്ത് 9,400-ലധികം ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്റെ യുകെ പര്യടനം പൂർത്തിയാക്കി വിജയ് ബുധനാഴ്ച ഇന്ത്യയിലേക്ക് മടങ്ങാൻ നിശ്ചയിച്ചിരിക്കുകയാണ്.







Comments