
ജോലി നഷ്ടപ്പെടുന്നത് ഒരാൾക്കും എളുപ്പമുള്ള കാര്യമല്ല. എന്നാൽ ജോലി പോയ വിവരം മാതാപിതാക്കളോട് പറയാൻ കഴിയാതെ, ദിവസവും പതിവുപോലെ ജോലിക്ക് പോകുന്നതായി അഭിനയിച്ച് വീട്ടിൽനിന്ന് ഇറങ്ങുന്ന യുവാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഗുരുഗ്രാമിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഏഴ് വർഷത്തോളം ജോലി ചെയ്തിരുന്ന യുവാവിനാണ് സെപ്റ്റംബർ 10 ന് അപ്രതീക്ഷിതമായി ജോലി നഷ്ടമായത്. എന്നാൽ ഇക്കാര്യം മാതാപിതാക്കളോട് പറയാനുള്ള ധൈര്യം തനിക്കുണ്ടായിട്ടില്ലെന്നാണ് യുവാവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. അതിനുശേഷവും എല്ലാ ദിവസവും രാവിലെ ജോലിക്ക് പോകുന്നതുപോലെ വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു.
കയ്യിൽ സ്വന്തം ലാപ്ടോപ്പുമായാണ് യുവാവ് രാവിലെ പുറത്തിറങ്ങുന്നത്. തുടർന്ന് സ്റ്റാർബക്സിൽ ഇരുന്ന് പുതിയ ജോലികൾക്കായി അപേക്ഷിക്കുകയും പൈത്തൺ പ്രോഗ്രാമിങ് പഠിക്കുകയും ചെയ്യുന്നു. ഇതിനുശേഷം വസന്ത് കുഞ്ചിലും ഹൗസ് ഖാസിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ പഠിപ്പിച്ച ശേഷമാണ് വൈകിട്ട് അഞ്ചോടെ വീട്ടിൽ തിരിച്ചെത്തുന്നത്. ജോലി നഷ്ടപ്പെട്ട വിവരം മറച്ചുവെച്ചുകൊണ്ടുള്ള ഈ ഇരട്ട ജീവിതം ഏറെ ക്ഷീണിപ്പിക്കുന്നതാണെന്നും എത്രനാൾ ഇങ്ങനെ തുടരാനാകുമെന്ന് അറിയില്ലെന്നും യുവാവ് കുറിച്ചു.
യുവാവിന്റെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്. ജോലി നഷ്ടപ്പെടുന്നത് ഒരാളുടെ കഴിവിനെയോ വ്യക്തിത്വത്തെയോ നിർവചിക്കുന്ന കാര്യമല്ലെന്നും, മാതാപിതാക്കളോട് വിവരം തുറന്നുപറഞ്ഞ് അവരുടെ പിന്തുണ തേടണമെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. സമാനമായ അനുഭവം നേരിട്ടവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചതോടെ യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.
u/manni1145 in







Comments