
തിരുവനന്തപുരം: ലിയോണേല് മെസ്സിയെ കേരളത്തില് എത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പില് മുന് കായികമന്ത്രി അബ്ദുറഹ്മാനെ ചോദ്യം ചെയ്യാന് പ്രത്യേക അന്വേഷണസംഘം. പരിപാടിയുടെ സ്പോണ്സറെ തെരഞ്ഞെടുത്തത്, സ്റ്റേഡിയം കൈമാറിയത്, മന്ത്രിയുടെ സ്പെയിന്യാത്ര എന്നിവയുമായി ബന്ധപ്പെട്ട കാര്യത്തിലുള്ള വിവരങ്ങള് തേടുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
കേസില് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക അന്വേഷണസംഘം ഉടന് തയ്യാറാക്കും. ടെന്ഡര് നടപടിയില്ലാതെ എന്ത് അടിസ്ഥാനത്തിലാണ് സ്പോണ്സറെ തെരഞ്ഞെടുത്തത് എന്നതാണ് ആദ്യം അന്വേഷിക്കുക. ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി മുന്മന്ത്രിക്ക് നോട്ടീസ് നല്കും. കായികവകുപ്പിന്റെ റിപ്പോര്ട്ട് പ്രകാരമാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യലിനൊരുങ്ങുന്നത്.
മെസ്സിയെ കേരളത്തില് എത്തിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് സ്പോണ്സറെ തെരഞ്ഞെടുക്കുന്നതില് വരുത്തിയവീഴ്ച, ആനുകൂല്യങ്ങള്, സ്റ്റേഡിയം കൈമാറിയത് എന്നിവയില് പിഴവ് പറ്റിയതായി കായികമന്ത്രാലയത്തിന്റെ റിപ്പോര്ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സ്പോണ്സറെ തെരഞ്ഞെടുക്കുന്ന കാര്യത്തില് ടെന്ഡര് നടപടികള് ഉണ്ടായില്ലെന്നും സ്റ്റേഡിയം നവീകരണത്തിനായി വിട്ടു നല്കിയതും മന്ത്രിയുടെ സ്പെയിന്യാത്ര സംബന്ധിച്ച വിവരവും സംബന്ധിച്ച കാര്യങ്ങളുമാണ് മന്ത്രിയില് നിന്നും അറിയേണ്ടത്.
മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് മുമ്പായി അദ്ദേഹത്തിന്റെ പേഴ്സണല് സ്റ്റാഫില് പെടുന്ന രണ്ടുപേരെയാകും ചോദ്യം ചെയ്യുക. ഇതിനായി ഇവര്ക്ക് നോട്ടീസ് നല്കും. ഫോണും ലാപ്ടോപും അടക്കമുള്ള വസ്തുക്കളുടെ ഫോറന്സിക് പരിശോധന പൂര്ത്തിയാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യല് നടപടികളിലേക്ക് പ്രത്യേക അന്വേഷണസംഘം കടക്കുക എന്നാണ് വിവരം.







Comments