
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നാളെ അവസാനിക്കും. കരാർ തുടരണോ റദ്ദാക്കണോ എന്നതിൽ സർക്കാരിന്റെ തീരുമാനം നിർണായകമാകും. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അതേസമയം, നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ.
പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് മുൻ സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ആദ്യം പവൻഹാൻസും പിന്നീട് ചിപ്സൺ ഏവിയേഷനുമായിരുന്നു കരാർ ഏറ്റെടുത്തത്. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് ചെലവ്. അധികമായി ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. മൂന്നു വർഷത്തെ കരാർ കാലാവധിയാണ് നാളെ പൂർത്തിയാകുന്നത്.
കരാർ നീട്ടണമെന്നാവശ്യപ്പെട്ട് മൂന്ന് മാസം മുമ്പ് പൊലീസ് ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനവകുപ്പാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
അതേസമയം, പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഹെലികോപ്റ്റർ വാടകയെ ധൂർത്തെന്ന് വിമർശിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം ഹെലികോപ്റ്റർ യാത്ര നടത്തിയതും നേരത്തെ ചർച്ചയായിരുന്നു. പിഎം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷത്തിരിക്കെ സ്വീകരിച്ച നിലപാടുകൾക്ക് സമാനമായി ഹെലികോപ്റ്റർ വിഷയത്തിലും മുഖ്യമന്ത്രി എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി ശ്രദ്ധേയം.
വീണ്ടും ടെൻഡർ വിളിക്കാൻ സർക്കാർ തീരുമാനിച്ചാൽ ചെലവ് ഇനിയും ഉയരാൻ സാധ്യതയുണ്ട്. ആവശ്യമായ സമയങ്ങളിൽ മാത്രം ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.







Comments