
ഇടുക്കി: ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില് മണ്ണിടിച്ചിലിൽ രണ്ട് മരണം. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണൻ്റെ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കനത്ത മഴയെ തുടര്ന്ന് ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
കൃഷിസ്ഥലത്ത് താമസിച്ച കുടുംബമാണ് മണ്ണിടിച്ചിലിൽ അകപ്പെട്ടതെന്നും രണ്ട് പേർക്ക് ജീവൻ നഷ്ടമായെന്നും ഡീൻ കുര്യാക്കോസ് എം പി സ്ഥിരീകരിച്ചു. മരിച്ചവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്നും പരിക്കേറ്റയാളുടെ ചികിത്സ ഉറപ്പാക്കിയെന്നും എംപി വ്യക്തമാക്കി.
അതേസമയം, ഇടുക്കിയുടെയും കോട്ടയത്തിന്റെയും മലയോര മേഖലകളില് ശക്തമായ മഴ തുടരുകയാണ്. വാഗമണ് ഈരാറ്റുപേട്ട റോഡിലേക്കും മണ്ണിടിഞ്ഞു. തുടർന്ന് റൂട്ടില് നേരിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു. കാരികാട് ടോപ്പില് ഉരുള്പൊട്ടിയതായി സൂചനയുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കന് മേഖലയിലും ശക്തമായ മഴയാണ്. മീനച്ചിലാറില് ജലനിരപ്പ് ഉയരുന്നുണ്ട്.







Comments